കൊച്ചി: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ആവശ്യം ഹൈകോടതി തള്ളി. കേസിൽ സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ അധ്യക്ഷതയിലുള്ള സിംഗ്ൾ ബെഞ്ചിന്റേതാണ് ഉത്തരവ്. വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുമെന്ന് മഞ്ജുഷ പ്രതികരിച്ചു.
കേസിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു. കുടുംബത്തിന്റെ ആരോപണങ്ങളിൽ എസ്.ഐ.ടി അന്വേഷണം നടത്തണം. കൊലപാതക സാധ്യത ഉൾപ്പെടെ പരിശോധിക്കണം. കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുമ്പ് ഡി.ഐ.ജിയെ കാണിക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ കോടതി ഉത്തരവിൽ തൃപ്തരല്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കി. കേസിൽ നീതിപൂർവമായ അന്വേഷണം നടക്കാൻ സി.ബി.ഐക്ക് വിടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും വീഴ്ചകളുണ്ടെന്നുമാണ് ഹരജിക്കാരിയായ മഞ്ജുഷയുടെ ആരോപണം. എന്നാൽ കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ട അസാധാരണ സാഹചര്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. പ്രതി പി.പി. ദിവ്യയുടെ രാഷ്ട്രീയ സ്വാധീനത്തിലുള്ള ആശങ്കയാണ് ഹരജിക്കാരി പങ്കുവെച്ചത്. തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പൊലീസ് അവഗണിച്ചതും ഇൻക്വസ്റ്റ് തിടുക്കത്തിൽ നടത്തിയതും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ തമ്മിലെ അന്തരവുമടക്കം ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എ.ഡി.എമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യയാണ് ഏക പ്രതി. ആത്മഹത്യ പ്രേരണക്കേസ് ചുമത്തിയയുടൻ തന്നെ ഇവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കി. ജയിലിൽ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിന്റെ തലേന്ന് ജില്ല കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇങ്ങനെ ചെയ്തെങ്കിലും, മരണത്തിൽ ദുരൂഹത ഉന്നയിച്ച് എ.ഡി.എമ്മിന്റെ കുടുംബം ആദ്യം മുതലേ രംഗത്തുണ്ട്.
കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം എന്നിവ ബന്ധുക്കളെ കാത്തിരിക്കാതെ നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടി. കേസ് ആദ്യമന്വേഷിച്ച കണ്ണൂർ ടൗൺ ഇൻസ്പെക്ടറുടെ നടപടികളിലും പിന്നീട് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപാടുകളിലും കുടുംബം സംശയം പ്രകടിപ്പിച്ചു. പെട്രോൾ പമ്പിന് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന ആരോപണവും അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ബന്ധുക്കൾ ഗൂഢാലോചന സംശയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.