ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിൽ ആരോപണ വിധേയമായ ഡച്ച് കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ തേടി നെതർലൻഡ്സിനെ സമീപിച്ചെന്ന് കേന്ദ്രം. ഇതിനായി നെതർലൻഡ്സ് സർക്കാരിന് ലെറ്റർ റോഗടറി (Letter Rogatory) കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയെന്നും കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്. വി. രാജു സുപ്രീം കോടതിയെ അറിയിച്ചു.
ഡ്രഡ്ജർ അഴിമതി കേസിലെ കൂട്ടുപ്രതിയായ ഡച്ച് കമ്പനി ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലെറ്റർ റോഗടറി കൈമാറിയത്. കേസ് അന്വേഷിക്കുന്ന കേരളത്തിലെ വിജിലൻസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലെറ്റർ റോഗടറി കൈമാറിയത്. ജേക്കബ് തോമസിന് ബിജെപിയുമായി ബന്ധമുള്ളതിനാൽ അന്വേഷണവുമായി കേന്ദ്രം സഹകരിക്കുന്നില്ലെന്ന് കേസിലെ പരാതിക്കാരനായ സത്യൻ നരവൂർ നേരത്തെ സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു.
ലെറ്റർ റോഗടറി കൈമാറിയ സാഹചര്യത്തിൽ നെതർലൻഡ്സിൽനിന്ന് വിവരങ്ങൾ ലഭിക്കാൻ അടിയന്തര തുടർനടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. നെതർലൻഡ്സ് സർക്കാരിന്റെ ഡൽഹിയിലെ സ്ഥാനപതിയുമായി ഈ വിഷയത്തിൽ ആവശ്യമായ ചർച്ചകൾ നടത്താൻ ഡൽഹിയിലെ സിബിഐ എസ്പിയോടും കേന്ദ്ര നിയമമന്ത്രാലയത്തിലെ ലീഗൽ സെൽ ഉദ്യോഗസ്ഥരോടും സുപ്രീം കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച പുരോഗതി മാർച്ച് മൂന്നാം തീയ്യതി അറിയിക്കാനും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഹർജിയിൽ അയച്ച നോട്ടീസിന് മറുപടി നൽകാത്തതിനുള്ള കാരണം വിശദീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ ലീഗൽ സെല്ലിലെ അണ്ടർ സെക്രട്ടറി വെള്ളിയാഴ്ച സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു ആണ് സുപ്രീം കോടതിയിൽ ഹാജരായത്. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദുമാണ് സുപ്രീം കോടതിയിൽ ഹാജരായത്. ഡ്രഡ്ജർ അഴിമതിയുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരെ പരാതിനൽകിയ സത്യൻ നരവൂരിന് വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജ് ഹാജരായി. ജേക്കബ് തോമസിനുവേണ്ടി അഭിഭാഷകൻ എ. കാർത്തിക് ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.