കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോളേജ് അധികൃതര്‍. ഹോസ്റ്റലിലെ ഏഴാംനിലയിലെ കൈവരിക്ക് മുകളിലിരുന്ന് ഫോണ്‍ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ വിശദീകരണം.
എറണാകുളം ചാലാക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (SNIMS) രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനി കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനി ഫാത്തിമത്ത് ഷഹാന(21)യാണ് കഴിഞ്ഞദിവസം ഹോസ്റ്റല്‍കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15-ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍തന്നെ SNIMS മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
വനിതാ ഹോസ്റ്റലിലെ അഞ്ചാംനിലയിലെ മുറിയിലാണ് ഫാത്തിമത്ത് ഷഹാന താമസിച്ചിരുന്നത്. രാത്രി കൂട്ടുകാരെ കാണാനായാണ് ഏഴാംനിലയിലെത്തിയത്. ഇതിനിടെ കൈവരിയിലിരുന്ന പെണ്‍കുട്ടി കാല്‍തെന്നി വീണതാകാമെന്നാണ് പോലീസിന്റെയും നിഗമനം.
അപകടം സംഭവിച്ച ഏഴാംനിലയിലെ കോറിഡോറിലാണ് ഇരുമ്പുകൈവരിയുള്ളത്. ഇതിന് സമീപത്ത് ചുവരിനും കോറിഡോറിനും ഇടയിലുള്ള വിടവിലായി അഗ്നിശമന ഉപകരണങ്ങള്‍ സജ്ജീകരിച്ചിരുന്നു. ഇത് ജിപ്സം ബോര്‍ഡ് കൊണ്ടാണ് മറച്ചിരുന്നത്. കൈവരിയില്‍നിന്ന് വീണ പെണ്‍കുട്ടി ജിപ്സം ബോര്‍ഡ് തകര്‍ത്താണ് താഴേക്ക് വീണത്.കണ്ണൂര്‍ ഇരിക്കൂര്‍ പെരുവിലത്തുപറമ്പ് നൂര്മഹലില് മജീദിന്റെയും സറീനയുടെയും മകളാണ് ഫാത്തിമത്ത് ഷഹാന. വിദ്യാര്‍ഥിനിയുടെ വിയോഗത്തില്‍ SNIMS മെഡിക്കല്‍ കോളേജ് അധികൃതരും ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റും അനുശോചനം രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.