കൊച്ചി: കേരള നോളജ് മിഷൻ ഉപദേശകനായി തോമസ് ഐസക്കിനെ നിയമിച്ചതിനെതിരെ പരാതി നൽകിയ പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം. ഇന്നു ഹർജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് ഈ നിർദേശം നൽകിയത്.
എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പൊതുതാൽപര്യ ഹർജികൾ നല്‍കുന്നത് എന്നും കോടതി ആരാഞ്ഞു. ഹർജിക്കാരൻ ഡ്രൈവറും എഴുത്തും വായനയും അറിയാവുന്ന ആളും ആർടിഐ ആക്ടിവിസ്റ്റുമാണെന്നു ഹർജിയിൽ വിശേഷിപ്പിച്ചതിലും കോടതി ചോദ്യമുയർത്തി. കേസ് വീണ്ടും ഫെബ്രുവരി 12ന് പരിഗണിക്കും.
സർക്കാരിന്റെ നടപടിക്രമങ്ങൾ ചോദ്യം ചെയ്താണു ഹർജി. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഹർജിക്കാരനു മനസ്സിലായിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. എഴുത്തും വായനയും അറിയാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്താണ് അതിന്റെ അർഥം. ഹർജിക്കാരൻ വായിച്ചു മനസിലാക്കിയിട്ടാണോ ഇത്തരം ഹർജികൾ സമർപ്പിക്കുന്നത് എന്നും കോടതി ആരാഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹർജിക്കാരനാണെന്നും ഹർജിയിലെ കാര്യങ്ങൾ ഹർജിക്കാരൻ വായിച്ചു മനസിലാക്കിയതാണെന്നും അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി ഇക്കാര്യത്തിൽ അന്വേഷിച്ചു മറുപടി നൽകാൻ നിർദേശം നൽകുകയായിരുന്നു. അധിക സത്യവാങ്മൂലം സമർപ്പിക്കാന്‍ ഹർജിക്കാരൻ ഇന്ന് അനുമതി തേടിയിരുന്നു. കേരള നോളജ് മിഷൻ ഉപദേശകനായി തോമസ് ഐസക്കിനെ നിയമിച്ചത് ചട്ടവിരുദ്ധവും അഴിമതിയും ആണെന്നായിരുന്നു ഹർജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.