കോട്ടയം: സനാതന ധർമം കേരളം ചർച്ച ചെയ്യുക തന്നെ വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമാണ് സനാതനധർമം. അത് ഫ്യൂഡൽ വ്യവസ്ഥയുടെ ഭാഗമാണ്.മന്നത്ത് പത്മനാഭനെ സൃഷ്ടിച്ചത് അനാചാരങ്ങൾക്കെതിരെ പോരാടിയതിന്റെ ഭാഗമായിട്ടാണ്. അല്ലെങ്കിൽ അദ്ദേഹം അറിയപ്പെടാതെ പോയേനെയെന്ന് മനസിലാക്കണമെന്നും എൻ.എസ്.എസ് ജന.സെക്രട്ടറിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
സി.പി.എം കോട്ടയം ജില്ല സമ്മേളനം പാമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇപ്പോൾ നിലവിലുള്ള ഭരണഘടന വേണ്ടായെന്നാണ് രാജ്യം ഭരിക്കുന്നവർ വാദിക്കുന്നത്. മനുസ്മൃതിയിലും ചാതുർവർണത്തിലും അധിഷ്ഠിതമായ ഭരണഘടനയാണ് അവർക്ക് ആവശ്യം. സനാതന ധർമം പദം ഉപയോഗിക്കുന്നത് കൃത്യമായ അർഥം അറിയാതെയാണ്. ചാതുർവർണ്യത്തിന്റെ പതിപ്പാണ് സനാതന ധർമം. അതിനെ ന്യായീകരിക്കാനാണ് കോൺഗ്രസും വി.ഡി. സതീശനും ശ്രമിക്കുന്നത്.
ആചാരങ്ങൾ മാറ്റരുത് എന്നാണ് എൻ.എസ്.എസ് ജന.സെക്രട്ടറി സുകുമാരൻ നായർ പറയുന്നത്. ആചാരങ്ങൾ മാറ്റാനുള്ളതാണ്. ആചാരങ്ങൾ മാറ്റിയില്ലെങ്കിൽ മന്നത്ത് പത്മനാഭൻ ഇല്ല. അത് മനസ്സിലാക്കണം. നിലനിന്നിരുന്ന അനാചാരങ്ങളെയെല്ലാം എതിർത്താണ് മന്നത്ത് സാമൂഹിക പരിഷ്കരണം നടത്തിയത് എന്നും സുകുമാരൻ നായർക്ക് മറുപടിയായി എം.വി. ഗോവിന്ദൻ പറഞ്ഞു.
ആർ.എസ്.എസിന്‍റെ നൂറാം വാർഷികത്തിൽ ഹിന്ദുത്വ രാഷ്ട്രമുണ്ടാക്കാമെന്നതായിരുന്നു ബി.ജെ.പിയുടെ അജണ്ട. രാമക്ഷേത്രത്തെ വർഗീയപരമായി അവർ തെഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചു. എന്നിട്ടും അയോധ്യ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അവർക്ക് ജയിക്കാനായില്ല. തെരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം നടത്തി ഭരണം നേടാൻ കോൺഗ്രസ് ശ്രമിച്ചില്ല. ഇപ്പഴും ശ്രമിക്കുന്നില്ല. ശരിയായ രീതിയിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. രാജ്യത്ത് ബി.ജെ.പി തന്നെയാണ് തങ്ങളുടെ മുഖ്യഎതിരാളി. എന്നുവെച്ച് കോൺഗ്രസിന്‍റെ തെറ്റായ നയങ്ങളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമർശനവും സ്വയം വിമർശനവുമാണ് സി.പി.എം സമ്മേളനത്തിൽ നടക്കുന്നത്. സമ്മേളനങ്ങളിൽ അതില്ലെങ്കിൽ മാത്രമാണ് വാർത്ത. ഇത്തരം സമ്മേളനങ്ങളിലുണ്ടാകുന്ന വിമർശനങ്ങളെ ന്യൂനതയായി കാണരുതെന്ന് അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. പാർട്ടിയുടെ ഓരോ സമ്മേളനങ്ങളിലും തിരുത്തൽ പ്രക്രിയയാണ് നടക്കുന്നത്. വിമർശനം മാത്രമല്ല അതിനുള്ള മറുപടിയും സമ്മേളങ്ങളിലുണ്ടാകാറുണ്ട്. പാർട്ടിയുടെ വളർച്ചക്കാണ് വിമർശനവും സ്വയം വിമർശനവുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.