കോഴിക്കോട് : നവകേരള ബസ് പുതുക്കി പണിത ശേഷം വീണ്ടും സർവീസ് തുടങ്ങിയപ്പോൾ ബുക്കിങ് ഫുൾ. കോഴിക്കോടുനിന്നും ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സർവീസ് ഇന്നുരാവിലെ നിറയെ ആളുകളുമായി സർവീസ് ആരംഭിച്ചത്. സമയവും ടിക്കറ്റ് നിരക്കും പുതുക്കി. രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സർവീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മേയ് അഞ്ചിന് സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ യാത്രക്കാർ ഇല്ലാതെ വന്നതോടെ റദ്ദാക്കി. പിന്നീട് ഏറെക്കാലം പൊടിപിടിച്ചു കിടന്നശേഷമാണു പുതുക്കി പണിതത്. അതിനിടെ 11 സീറ്റുകൾ കൂടി വർധിപ്പിച്ച് 37 സീറ്റാക്കി. ശുചിമുറി നിലനിർത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുൻഭാഗത്തുള്ള വാതിൽ ഒഴിവാക്കി സാധാരണ വാതിലാക്കി. പിൻവാതിലും ഒഴിവാക്കി.സർവീസ് തുടങ്ങിയ ആദ്യ ദിവസങ്ങളിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞുതുടങ്ങി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയർന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിച്ചത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണു വീണ്ടും ബസ് യാത്ര തുടങ്ങിയത്. ഗരുഡ പ്രീമിയത്തിന്റെ രണ്ടാം വരവിൽ ടിക്കറ്റ് നിരക്കു കുറച്ചതു യാത്രക്കാർക്ക് ആശ്വാസമേകും.
ബെംഗളൂരുവിൽനിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ജിഎസ്ടിയും റിസർവേഷനും ഉൾപ്പെടെ 968 രൂപ നൽകണം. മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിൽ ഫെയർ സ്റ്റേജുണ്ട്. നേരത്തേ 1256 രൂപയായിരുന്നു ബെംഗളൂരു മുതൽ കോഴിക്കോട് വരെ നൽകേണ്ടിയിരുന്നത്. എവിടെനിന്ന് എങ്ങോട്ടു കയറിയാലും ഇതേ ടിക്കറ്റ് ചാർജ് നൽകണമായിരുന്നു. പുതുക്കിയ ടിക്കറ്റ്, ബെംഗളൂരുവിൽ നിന്നും: ബത്തേരി- 671 രൂപ, കൽപറ്റ– 731 രൂപ, താമരശേരി– 831 രൂപ, കോഴിക്കോട്– 968 രൂപ. മൈസൂരുവിൽ നിന്ന് കോഴിക്കോട്– 560 രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.