ന്യൂഡൽഹി: മലങ്കര സഭാ കേസിൽ തർക്കത്തിലുള്ള ആറ് പള്ളികൾ സർക്കാർ ഏറ്റെടുത്ത് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഈ വിഷയത്തിൽ വീണ്ടും വാദം കേൾക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. പള്ളി ഭരണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകാൻ കോടതിക്ക് സാധിക്കുമോയെന്ന് പരിശോധിക്കാനും നിർദേശം നൽകി.
മത വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിൽ ഹൈക്കോടതി നൽകുന്ന ഇത്തരം നിർദേശങ്ങൾ പൊതുതാത്പര്യത്തിന് യോജിച്ചതാണോ എന്നും പരിശോധിക്കാൻ നിർദേശമുണ്ട്.ഹർജികൾ വീണ്ടും വാദം കേൾക്കുമ്പോൾ പരിഗണിക്കേണ്ട വിഷയങ്ങൾക്കും സുപ്രീംകോടതി രൂപം നൽകി. പള്ളികൾ ഏറ്റെടുത്ത് നൽകാൻ ഫയൽ ചെയ്യുന്ന റിട്ട് ഹർജികൾ നിയമപരമായി നിലനിൽക്കുമോ എന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികൾ ഹൈക്കോടതി കണ്ടെത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
മലങ്കര സഭയുടെ തർക്കത്തിലുളള ആറ് പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓർത്തോഡോക്സ് സഭയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് 20 ഓളം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു, ഡിജിപി ഷേഖ് ദർവേഷ് സാഹേബ് തുടങ്ങിയവർ നൽകിയ ഹർജി പരിഗണയ്ക്കവേയാണ് സുപ്രീംകോടതി നടപടി.
ശവ സംസ്കാര ശുശ്രൂഷ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഓർത്തോഡോക്സ് സഭ തങ്ങളുടെ മുൻ നിലപാട് മയപ്പെടുത്തിയതായി സുപ്രീംകോടതി നിരീക്ഷിച്ചു. സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളോട് തങ്ങൾക്ക് വിയോജിപ്പ് ഉണ്ടായാൽ പോലും, നിലവിലെ ഘട്ടത്തിൽ ജുഡീഷ്യൽ അച്ചടക്കം പാലിക്കാൻ അത് അംഗീകരിക്കുക മാത്രമാണ് വഴിയെന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, എൻ.കെ. സിങ് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഓർത്തോഡോക്സ് യാക്കോബായ വിഭാഗങ്ങളുടെ പള്ളികളുടെയും വിശ്വാസികളുടെയും എണ്ണം സംബന്ധിച്ച് ഉൾപ്പടെ സുപ്രീം കോടതി ആവശ്യപ്പെട്ട എല്ലാ രേഖകളും സംസ്ഥാന സർക്കാർ മുദ്ര വച്ച കവറിൽ വ്യാഴാഴ്ച കോടതിക്ക് കൈമാറിയിരുന്നു. എന്നാൽ ഇപ്പോൾ അത് വിശദമായി പരിഗണിക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവർ ഹാജരായി. ഓർത്തോഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കെ.കെ. വേണുഗോപാൽ, സി.യു. സിങ്, കൃഷ്ണൻ വേണുഗോപാൽ, അഭിഭാഷകൻ ഇ.എം.എസ്. അനാം എന്നിവർ ഹാജരായി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ശ്യാം ദിവാൻ, അഭിഭാഷകരായ പി.കെ. മനോഹർ, എ. രഘുനാഥ് എന്നിവരാണ് ഹാജരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.