കൊച്ചി: വ്യവസായി ബോബി ചെമ്മണൂരിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. തടവുകാരെ സഹായിക്കാനാണു ജാമ്യം ലഭിച്ചിട്ടും തലേന്നു പുറത്തിറങ്ങാതിരുന്നത് എന്നു മാധ്യമങ്ങളോടു ബോബി പറഞ്ഞോ എന്നറിയിക്കാൻ കോടതി നിർദേശം നൽകി.
ബോബിയുടെ ജാമ്യം റദ്ദാക്കാൻ നോട്ടിസ് നൽകാനും മടിക്കില്ലെന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പു നൽകി.രാവിലെ ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തിയ കോടതി, എന്തുകൊണ്ടാണു ചൊവ്വാഴ്ച കാക്കനാട് ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങാതിരുന്നതെന്ന് അന്വേഷിച്ചിരുന്നു. പിന്നാലെ രൂക്ഷവിമർശനം ഉന്നയിക്കുകയും കോടതിയെ ധിക്കരിച്ചാൽ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു.
ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ബോബിയുടെ അഭിഭാഷകർ നിരുപാധികം മാപ്പു പറഞ്ഞു, പക്ഷേ കോടതി അംഗീകരിച്ചില്ല. തടവുകാർക്കു വേണ്ടിയാണോ ബോബി തലേന്നു ജയിലിൽ കഴിഞ്ഞതെന്നു മാധ്യമങ്ങളോടു പറഞ്ഞോ എന്ന് അറിയിക്കാൻ കോടതി നിർദേശം നൽകി. 1.45ന് വിഷയം വീണ്ടും കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
‘‘എന്തും വിലയ്ക്കു വാങ്ങാമെന്നാണോ കരുതുന്നത്? ബോബി നിയമത്തിനു മുകളിലാണോ? ഹൈക്കോടതിയോടാണു കളിക്കുന്നത്. തടവുകാരുടെ കാര്യങ്ങളൊക്കെ അയാൾ നോക്കും, ജുഡീഷ്യറി ഒന്നും ഇനി വേണ്ട എന്നാണോ? ബോബിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനെപ്പോലും അയാൾ അപമാനിക്കുകയാണു ചെയ്തത്.
അയാളുടെ ജാമ്യ ഉത്തരവ് എഴുതാൻ വേണ്ടി ഞാൻ 12.30ന് ഇറങ്ങി, എന്നിട്ടാണ് 3.30ന് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നിട്ടും അയാൾ നാടകം കളിക്കുകയായിരുന്നു’’– ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. ബോബിയുടെ ജാമ്യം റദ്ദാക്കാൻ നോട്ടിസ് അയയ്ക്കുമെന്നു കോടതി വീണ്ടും മുന്നറിയിപ്പു നൽകി. ‘‘രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ഒരു മാസത്തിനുള്ളിൽ വിചാരണ തുടങ്ങാനും ഉത്തരവിടും. അയാൾക്കു പിന്നെ തടവുകാർക്കൊപ്പം ഇഷ്ടംപോലെ സമയം ചെലവിടാമല്ലോ. കോടതിയോടു യുദ്ധപ്രഖ്യാപനം നടത്തുകയാണല്ലേ? ഹൈക്കോടതിയോടാണ് കളിക്കുന്നത്’’, കോടതി പറഞ്ഞു. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം എന്താണു പറഞ്ഞതെന്ന് ബോബിയോടു ഫോണിൽ വിളിച്ചു ചോദിക്കാനും കോടതി നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.