തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.സുധാകരനെ ഹൈക്കമാന്‍ഡ് മാറ്റിയേക്കും. അടൂര്‍ പ്രകാശ്, റോജി എം. ജോണ്‍, ബെന്നി ബെഹനാന്, മാത്യു കുഴല്നാടന് തുടങ്ങിയവരുടെ പേരുകളാണ് പകരം പരിഗണിക്കപ്പെടുന്നത് എന്നറിയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റിനെ നിയമിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. അതേസമയം, ആഭ്യന്തര പ്രശ്നങ്ങളും നേതൃത്വപ്രതിസന്ധിയും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വെല്ലുവിളിയാകുമെന്ന ആശങ്കകളും ശക്തമാണ്.
വളരെ അനുകൂലമായ രാഷ്ട്രീയസാഹചര്യമുള്ള സമയത്ത് നടന്ന കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ രൂക്ഷമാക്കി എന്ന തോന്നലാണ് പൊതുവേ. എ.ഐ.സി.സി സെക്രട്ടറിമാരായ ദീപ ദാസ് മുന്‍ഷിയും കെ.സി.വേണുഗോപാലും പങ്കെടുത്ത ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് നേതാക്കള്‍ക്കു തന്നെ അഭിപ്രായമുണ്ട്. സുതാര്യമായ സംവാദത്തിലൂടെ ഭിന്നതകള്‍ പരിഹരിക്കാന്‍ നേതൃത്വം പരാജയപ്പെട്ടതായി നിരീക്ഷകര്‍ പറയുന്നു. ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന, പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം കെ.സി. വേണുഗോപാലും ദീപ ദാസ് മുന്‍ഷിയും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്തേക്കും.
കെ.പി.സി.സി അധ്യക്ഷനെ നീക്കണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുധാകരന് പറഞ്ഞത് കെ.പി.സി.സി അധ്യക്ഷ പദവിയില്‍ കടിച്ചുതൂങ്ങാന്‍ തനിക്കു താത്പര്യമില്ലെന്നും ഹൈക്കമാന്‍ഡിന് യുക്തമായ തീരുമാനമെടുക്കാം എന്നുമാണ്. കെ.പി.സി.സി അധ്യക്ഷസ്ഥാനമോ, മുഖ്യമന്ത്രി പദവിയോ തന്റെ വലിയ സ്വപ്നമായിരുന്നില്ല. ആറേഴു വയസ്സു മുതല്‍ സി.പി.എമ്മിനെതിരെ പൊരുതുന്ന താന്‍ പോരാട്ടം തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല, പക്ഷേ, പാര്‍ട്ടിയെ നയിക്കാനുണ്ടാവും. കെ.പി.സി.സി അധ്യക്ഷന്‍ മാറുന്നു എന്നതിന് പ്രതിപക്ഷ നേതാവും മാറും എന്നര്‍ഥമില്ല- സുധാകരന് പറഞ്ഞു. അതേസമയം, സുധാകരന് കെ.പി.സി.സിയെ നയിക്കാന്‍ യോഗ്യനായ കഴിവുറ്റ നേതാവാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കെ.സുധാകരനും വി.ഡി.സതീശനും തമ്മില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാത്തത് പാര്‍ട്ടിക്കു ക്ഷീണം ചെയ്യുന്നതായി ദീപ ദാസ്ദാ മുൻഷി കരുതുന്നു. നേതാക്കളുമായി അവര്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് ചര്‍ച്ച നടത്തിയത്. പലരും നേതൃമാറ്റം ആവശ്യപ്പെട്ടു. ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തിയാല്‍ അഭിപ്രായങ്ങള്‍ തുറന്നു പറയാനാവാത്ത സാഹചര്യമാണെന്നതിന് വേറെ തെളിവു വേണ്ടല്ലോ- ഒരു നേതാവ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിക്കു ശേഷം വിളിച്ചുചേര്‍ക്കാനിരുന്ന സംയുക്ത പത്രസമ്മേളനം വേണ്ടെന്നു വെച്ചത് പാര്‍ട്ടിയിലെ അനൈക്യം ശക്തിയായി തുടരുന്നതിന്റെ ലക്ഷണമാണ്.
കോണ്‍ഗ്രസിന്റെ 21 സിറ്റിംഗ് സീറ്റുകള്‍ക്കു പുറമേ, പാര്‍ട്ടിക്ക് വിജയസാധ്യതയുളള 63 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വി.ഡി.സതീശന് പറഞ്ഞതിനെ എ.പി.അനില്‍കുമാര്‍ നിശിതമായി ആക്രമിക്കുകയായിരുന്നു. കെ.സി പക്ഷക്കാരനായ അനില്‍ എവിടെ നിന്നാണ് ഈ വിവരം, ആരു പറഞ്ഞിട്ടാണ് സര്‍വേ നടത്തിയത്, ഏതൊക്കെയാണ് സീറ്റുകള്‍, ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ സതീശന് മറുപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ദീപയും കെ.സി. വേണുഗോപാലും വ്യക്തമാക്കുകയും ചെയ്തു. സതീശനെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ യുവനേതാക്കള്‍ പോലും രംഗത്തു വന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും അനില്‍കുമാര്‍ സൂക്ഷിക്കണം, നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉത്തരം പറയേണ്ടിവരും!
നേരത്തേ, മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷനേതാവിന്റെ വസതി സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അപ്രാപ്യമായെന്ന് ആരോപിച്ചിരുന്നു. പക്ഷേ, ഉദാഹരണങ്ങള്‍ നിരത്താന്‍ പറഞ്ഞപ്പോള്‍ പരുങ്ങിയ ശൂരനാട് ക്ഷമ പറഞ്ഞ് തലയൂരുകയായിരുന്നു. വി.ഡി.സതീശന് പിന്തുടരുന്ന കര്‍ശനമായ രീതികളെ അഹങ്കാരമായി വ്യാഖ്യാനിക്കുന്നവരുമുണ്ട് കെ.പി.സി.സിയില്‍. അവഗണനയില്‍ വളരെ നിരാശരാണ് ചില മുതിര്‍ന്ന നേതാക്കള്‍. എല്ലാവരെയും ഒരുമിച്ചുകൊണ്ടു പോകാന്‍ പ്രതിപക്ഷനേതാവ് വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.