തിരുവനന്തപുരം: ആണ്സുഹൃത്തായിരുന്ന ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന് നിര്‍മലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാർക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും.
പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.
പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍.ഷാരോണിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് ഗ്രീഷ്മ കൊന്നുവെന്നാണ് കേസ്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.
കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.
നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കൊല നടത്താന്‍ സഹായിച്ചുവെന്നാണ് അമ്മ സിന്ധുവിനെതിരേയും അമ്മാവന് നിര്‍മല്‍കുമാര്‍ നായര്‍ക്കെതിരേയുമുള്ള കുറ്റം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.