ചെന്നൈ: തിരുപ്പൂരിലെ അരുള്‍മിഗു കന്തസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തില് അബദ്ധത്തില്‍ വീണ ഐഫോണ്‍ ഭക്തന് തന്നെ തിരിച്ചു നല്‍കും. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ബാബു പറഞ്ഞു.
വിനായകപുരം സ്വദേശി ദിനേശിന്റെ ഐഫോണ്‍ അബദ്ധത്തില്‍ ക്ഷേത്രഭണ്ഡാരത്തില്‍ വീണെന്നും അത് തിരികെ നല്കാന് ക്ഷേത്രഭാരവാഹികള്‍ വിസമ്മതിച്ചുവെന്നുമുള്ള വാര്‍ത്ത പുറത്തുവന്നത് രണ്ടാഴ്ചയ്ക്ക് മുമ്പാണ്. അതിനും ഒരു മാസം മുമ്പാണ് ഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരത്തില് വീണത്. ഭണ്ഡാരത്തില് വീഴുന്നതെന്തും ദൈവത്തിന്റേതായി മാറുമെന്ന മറുപടിയാണ് ക്ഷേത്രം ഭാരവാഹികളില്‍ നിന്ന് ദിനേശിന് ലഭിച്ചത്.
'ഞങ്ങള്‍ ഫോണ്‍ അതിന്റെ യഥാര്‍ഥ ഉടമയ്ക്ക് തിരികെ നല്‍കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.' -മന്ത്രി പി.കെ. ശേഖര്‍ബാബു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ ഡിസംബര്‍ 19-ന് ഭണ്ഡാരം തുറന്നപ്പോള്‍ ഫോണ്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് കിട്ടിയിരുന്നു. അന്നത് തിരികെ നല്കാന് ആവശ്യപ്പെട്ടപ്പോഴാണ് അത് ദൈവത്തിന്റേതാണെന്ന മറുപടി ലഭിച്ചത്.
തുടര്‍ന്നാണ് വിഷയം ദേവസ്വം മന്ത്രിയുടെ മുന്നിലെത്തിയത്. സാധ്യമായ നടപടികള്‍ പരിശോധിക്കുമെന്നും വേണ്ടത് ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദികം വൈകാതെ തന്നെ ഭക്തന് ഫോണ്‍ തിരികെ കിട്ടുമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.