ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.
തുടർന്നു തിരുവാഭരണ വാഹകസംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പതിനെട്ടാംപടി ഇറങ്ങി. തുടർന്ന് രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ ജപമാലയും യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകൾ അണച്ച് മേൽശാന്തി ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ചു.ആചാരപരമായി ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധിക്കു കൈമാറി. പതിനെട്ടാം പടിയിറങ്ങിയ ശേഷം അടുത്ത ഒരു വർഷത്തെ പൂജ നടത്താൻ രാജപ്രതിനിധി ശ്രീകോവിലിന്റെ താക്കോൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ബിജു വി.നാഥിനു കൈമാറി. പൂജകൾക്കുള്ള ചെലവിനായി പണക്കിഴിയും നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവർ ചടങ്ങിനു സാക്ഷ്യം വഹിച്ചു. തുടർന്ന് രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. തിരുവാഭരണ ഘോഷയാത്ര പമ്പ, വലിയാനവട്ടം, അട്ടത്തോട്, നിലയ്ക്കൽ വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങും. 21ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും. 22ന് മാടമൺ, വടശേരിക്കര, ഇടക്കുളം, റാന്നി കുത്തു കല്ലുംപടി, പേരൂർച്ചാൽ, പുതിയകാവ് വഴി വൈകിട്ട് ആറന്മുള കൊട്ടാരത്തിൽ എത്തി അവിടെ തങ്ങും. 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് മടങ്ങി എത്തും.
അഭൂതപൂര്‍വമായ ഭക്തജനതിരക്കായിരുന്നു ഇത്തവണ. 53 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. നാണയങ്ങൾ ഉൾപ്പെടെ കാണിക്ക പൂർണമായും എണ്ണിത്തീർന്നു. കാണിക്ക ഇനത്തിൽ മാത്രം 17 കോടി രൂപയാണു കൂടുതൽ ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.