ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബിജെപിക്കു മുന്നിൽ ‘ഓഫറുമായി’ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ചാൽ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നാണു കേജ്‍രിവാളിന്റെ വാഗ്ദാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേസുകൾ പിന്‍വലിക്കണമെന്നും പുറത്താക്കപ്പെട്ടവര്‍ക്കെല്ലാം പുനരധിവാസം നല്‍കണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്
‘‘ചേരികളിലെ ജനങ്ങള്‍ക്കെതിരെ നിങ്ങള്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുക. ജനങ്ങളെ പുറത്താക്കിയ സ്ഥലത്തുതന്നെ എല്ലാവര്‍ക്കും വീടുകള്‍ നല്‍കുമെന്നു കോടതിയില്‍ സത്യവാങ്‌മൂലം നല്‍കുക. അങ്ങനെ ചെയ്താൽ ഞാന്‍ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഈ വെല്ലുവിളി സ്വീകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ഞാൻ എവിടെയും പോകില്ല.’’– കേജ്‌രിവാൾ വ്യക്തമാക്കി.
ജയിച്ചാല്‍ ഡല്‍ഹിയിലെ ചേരികൾ പൊളിക്കാനാണു ബിജെപി ഉദ്ദേശിക്കുന്നതെന്നും കേജ്‌രിവാൾ ആരോപിച്ചു. ‘‘അവര്‍ക്ക് ആദ്യം നിങ്ങളുടെ വോട്ടും പിന്നീട് നിങ്ങളുടെ ഭൂമിയും വേണം.
5 വര്‍ഷത്തിനിടെ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചേരിനിവാസികൾക്കായി 4,700 ഫ്ലാറ്റുകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളൂ. നഗരത്തിലെ ചേരികളിൽ കഴിയുന്ന 4 ലക്ഷം കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഈ വേഗത്തിലാണെങ്കിൽ എല്ലാവര്‍ക്കും വീട് നല്‍കാന്‍ 1000 വര്‍ഷമെടുക്കും’’– ഷാക്കൂര്‍ ബസ്തിയിലെ പരിപാടിയിൽ കേജ്‍രിവാൾ പറഞ്ഞു. കേജ്‌രിവാളിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പ്രതികരിച്ചു. ‘‘പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും മറ്റു ചേരി പുനരധിവാസ പദ്ധതികളും ആം ആദ്മി സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിക്കുകയാണ്. 2006 മുതല്‍ അനധികൃത ചേരികളെ നിയന്ത്രിക്കേണ്ടതു സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. പക്ഷേ അവർ സഹകരിച്ചില്ല. ഭരണപരാജയങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ തെറ്റായ അവകാശവാദങ്ങള്‍ പറയുകയാണ്.’’– ഹർദീപ് സിങ് പുരി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.