തെലങ്കാന: അല്ലു അർജുന്റെ പുഷ്പ 2 -ന് വാർത്തകളിൽനിന്ന് പുറത്തിറങ്ങാൻ ഇനിയും സമയമായിട്ടില്ല. ചിത്രത്തിന്റെ റിലീസ് ദിവസമുണ്ടായ തിരക്കിൽപ്പെട്ടുള്ള സ്ത്രീയുടെ മരണവും അല്ലു അർജുന്റെ അറസ്റ്റും അന്വേഷണവുമെല്ലാമാണ് പുഷ്പയെ കുറച്ചുനാൾ മുമ്പുവരെ വാർത്തകളിൽ നിറച്ചതെങ്കിൽ അക്കൂട്ടത്തിലേക്ക് പുതിയൊരു സംഭവം കൂടി എത്തിയിരിക്കുകയാണ്. തിയേറ്ററുകളിൽ 16 വയസിൽ താഴെ പ്രായമുള്ളവർക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് തെലങ്കാന ഹൈക്കോടതി.
രാവിലെ 11 മണിക്ക് മുൻപും രാത്രി 11 മണിക്കുശേഷവും 16 വയസിൽ താഴെയുള്ളവരെ സിനിമാ തിയേറ്ററുകളിൽ പ്രവേശിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇക്കാര്യം നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും തിയേറ്ററുകളോടും നിർദേശിച്ചു. ടിക്കറ്റ് നിരക്കിലെ വർധനവ്, തെലങ്കാനയിൽ സിനിമകൾക്ക് പ്രത്യേക പ്രദർശനം അനുവദിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
ജസ്റ്റിസ് വിജയ്സെൻ റെഡ്ഡിയുടേതാണ് ഉത്തരവ്. രാവിലെയും രാത്രിയിലും സിനിമാ പ്രദർശനം കാണാൻ കുട്ടികളെ വിലക്കുന്ന സിനിമാട്ടോഗ്രാഫി ആക്ട് നിയമങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. അത്തരം നിയന്ത്രണങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് കാണിക്കുന്നതിന് പുഷ്പ 2 റിലീസ് ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
16 വയസ്സിന് താഴെയുള്ള കുട്ടികൾ രാവിലെ 11 മണിക്ക് മുമ്പും രാത്രി 11 മണിക്ക് ശേഷവും തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും സിനിമ കാണുന്നില്ലെന്ന് ഉറപ്പാക്കണം. ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തി ഉത്തരവിൽ പറഞ്ഞിരിക്കുന്ന സമയത്ത് കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കണമെന്നും തെലങ്കാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
അതിരാവിലെയും രാത്രി 11 മണിക്കുശേഷവും സിനിമ കാണുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് എങ്ങനെ ഹാനികരമാവുമെന്നതിനെക്കുറിച്ച് ഒരു വാദമുയർന്നിരുന്നു. ഈ ആശങ്കകൾ കോടതി ശ്രദ്ധിക്കുകയും കുട്ടികൾക്ക് ആവശ്യമായ സ്ക്രീൻ സമയത്തിൽ ഗണ്യമായ നിയന്ത്രണങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. ഈ നിർദ്ദേശങ്ങൾ നൽകിയ ശേഷം, കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരി 22 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.