ഗുവാഹാട്ടി: അസമിലെ ദിമാ ഹസാവു ജില്ലയിലെ കൽക്കരി ഖനിയിൽ അകപ്പെട്ട ഒൻപത് കൗമാരക്കാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവർ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുകയാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദുഃഖാർത്തരായ കുടുംബങ്ങൾക്കൊപ്പമാണ് തങ്ങളുടെ പ്രാർത്ഥനയെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
തിങ്കളാഴ്ചയാണ് അസം-മേഘാലയ അതിർത്തിയിലെ ഉംറാങ്സോയിൽ പ്രവർത്തിക്കുന്ന അനധികൃത ഖനിയിൽ ഒൻപത് തൊഴിലാളികൾ അകപ്പെട്ടത്. 300 അടി താഴ്ചയാണ് ഖനിക്കുള്ളത്. ഇന്ത്യൻ സൈന്യവും ഡൈവിങ് സംഘവും ചേർന്നാണ് ഖനിയിൽക്കുടുങ്ങിയ കൗമാരക്കാരിലൊരാളുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാൾ സ്വദേശിയായ ഗംഗാ ബഹാദൂർ ശ്രേഷ്ഠോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
നിലവിൽ പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളം ശക്തിയായി ഖനിക്കുള്ളിലേക്ക് എത്തുന്നുവെന്നും വിവരമുണ്ട്. ഖനിയിലകപ്പെട്ട മറ്റ് എട്ടുപേർക്കുംവേണ്ടി നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഖനിക്കുള്ളിലെ ഈ ഭാഗത്തെ വെള്ളം വറ്റിക്കുന്നതിനാവശ്യമായ പമ്പുകൾ സംസ്ഥാന ദുരന്ത നിവാരണ സേന എത്തിച്ചിട്ടുണ്ട്.
ആഴത്തിലുള്ള ഡൈവിംഗ്, റിക്കവറി ഓപ്പറേഷനുകളിൽ വൈദഗ്ധ്യമുള്ള ഉയർന്ന പരിശീലനം ലഭിച്ച ക്ലിയറൻസ് ഡൈവർമാരായ ഒരു ഉദ്യോഗസ്ഥനും 11 നാവികരും അടങ്ങുന്ന ഒരു പ്രത്യേക സംഘത്തെയാണ് രക്ഷപ്രാവർത്തനത്തിനായി ബുധനാഴ്ച നാവികസേന അണിനിരത്തിയത്. ഡീപ് ഡൈവിംഗ് ഗിയർ, അണ്ടർവാട്ടർ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾസ് (ആർ.ഒ.വി) തുടങ്ങിയ ഉപകരണങ്ങളാണ് നിലവിൽ സ്ഥലത്തുള്ള ടീം വഹിക്കുന്നത്.
അതേസമയം ഉയർന്ന ജലവിതാനവും തുടർച്ചയായ ചോർച്ചയും കാരണം ഖനിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണ് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.