കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിലെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സമസ്ത നേതാക്കള്‍. പാണക്കാട്ട് നടന്ന ചര്‍ച്ചയിലെ തീരുമാനമാണ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്നും എന്നാല്‍ ഐക്യത്തിനുവേണ്ടി ഖേദപ്രകടനം നടത്തുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ഉമര്‍ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍ എന്നിവരാണ് ഖേദം പ്രകടിപ്പിച്ച് സംയുക്തമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐക്യത്തിനും യോജിച്ച മുന്നോട്ട് പോക്കിനും എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. സംഘടനാരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമം തുടര്‍ന്ന് വരികയാണ്. അതിനിടെ ചില പ്രസംഗങ്ങളിലുള്ള പരാമര്‍ശങ്ങള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സംബന്ധിച്ചാണെന്ന മാധ്യമസൃഷ്ടി തങ്ങള്‍ക്ക് വേദന ഉണ്ടാക്കുകയും അതിന് ചില പ്രസംഗങ്ങള്‍ കാരണമാവുകയും ചെയ്തതില്‍ ഖേദം രേഖപ്പെടുത്തുന്നു.
സംഘടനാ രംഗത്തെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുന്‍കയ്യെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട് ചര്‍ച്ച നടത്തിയത്. യോഗ തീരുമാനപ്രകാരമാണ് തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയതും. ചില പരാമര്‍ശങ്ങില്‍ സാദിഖലി തങ്ങള്‍ക്ക് പ്രയാസമുണ്ടായെന്നും അതെല്ലാം വിശദമായി സംസാരിച്ച് പരിഹരിച്ചുവെന്നും അതില്‍ സങ്കടമുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിക്കപ്പെട്ടതുമാണ്.
ചര്‍ച്ചയിലെ അന്തിമ തീരുമാനവും ഇതുതന്നെയായിരുന്നു. എന്നാല്‍, സംഘടനക്കകത്തും സമുദായത്തിനകത്തും രഞ്ജിപ്പും ഒരുമയും അനിവാര്യമാണെന്നതുകൊണ്ട് സംഘടനാപരമായ ഏത് വിട്ടുവീഴ്ചയ്ക്കും ഖേദപ്രകടനത്തിനും ഇനിയും തയ്യാറാണെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ധാരണയായ പ്രകാരം തുടര്‍ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാവണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.