സിഡ്നി: ആസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റതായി അഭ്യൂഹം. രണ്ടാംദിനം രണ്ടാം സെഷനിടെ ഗ്രൗണ്ടിൽനിന്ന് കയറിയ താരം, തൊട്ടുപിന്നാലെ മെഡിക്കൽ സംഘത്തിനൊപ്പം കാറിൽ ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. താരത്തിന് പരിക്കേറ്റതായും സ്കാനിങ്ങിനായി കൊണ്ടുപോകുകയാണെന്നുമുള്ള അഭ്യൂഹം ഇതോടെ ശക്തമായി. വിഷയത്തിൽ ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രോഹിത് ശർമ സ്വയം മാറിനിന്നതോടെ സിഡ്നിയിൽ ബുംറയാണ് ടീമിനെ നയിക്കുന്നത്. മത്സരത്തിൽ 10 ഓവർ പന്തെറിഞ്ഞ ബുംറ ഒരു മെയ്ഡനടക്കം 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രണ്ടാംദിനം ലഞ്ചിനുശേഷം ഒരോവർ മാത്രമാണ് താരം പന്തെറിഞ്ഞത്. ഇതിനു പിന്നാലെയാണ് താരത്തെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്കു മാറ്റിയത്. ബുംറയുടെ അഭാവത്തിൽ വിരാട് കോഹ്ലിയാണ് അവസാന ഘട്ടങ്ങളിൽ ഇന്ത്യയെ നയിച്ചത്. പരമ്പരയിലെ ഏറ്റവും അപകടകാരിയായ ബൗളറാണ് ബുംറ. 32 വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയത്.
ഓസീസിന്‍റെ ടോപ് ഓർഡർ ബാറ്റർമാർക്ക് തലവേദന സൃഷ്ടിച്ചത് ബുംറയുടെ തീപാറുന്ന പന്തുകളായിരുന്നു. പരമ്പരയിൽ ഇതുവരെ 150ലധികം ഓവറുകളാണ് താരം എറിഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യത നിലനിർത്താൻ ടെസ്റ്റിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ഇനിയും മൂന്നുദിവസം ബാക്കി നിൽക്കെ, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. രണ്ടാം ഇന്നിങ്സിൽ ബുംറക്ക് പന്തെറിയാനായില്ലെങ്കിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.
അഞ്ചാം ടെസ്റ്റിൽ ആസ്ട്രേലിയയുടെ തകർപ്പൻ ബൗളിങ്ങിന് അതേ നാണയത്തിൽ ഇന്ത്യൻ ബൗളർമാരും തിരിച്ചടിച്ചതോടെ ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 181 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് നാലു റൺസ് ലീഡ്. ആദ്യദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചിരുന്നു. പരമ്പരയിൽ ആദ്യ മത്സരം കളിച്ച പ്രസിദ്ധ് കൃഷ്ണയുടെയും മുഹമ്മദ് സിറാജിന്‍റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് ഓസീസ് ബാറ്റിങ്ങിനെ തകർത്തത്. നായകൻ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഓസീസിനായി അരങ്ങേറ്റക്കാരൻ ബ്യൂ വെബ്സ്റ്റർ അർധ സെഞ്ച്വറി നേടി ടീമിന്‍റെ ടോപ് സ്കോററായി. 105 പന്തിൽ 57 റൺസെടുത്തു. സ്റ്റീവ് സ്മിത്ത് 57 പന്തിൽ 33 റൺസെടുത്ത് പുറത്തായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.