നാലരപ്പതിറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസിന്റെ വിലാസമായിരുന്ന അക്ബര്‍ റോഡിലെ 24-ാം വസതി ഇനി ചരിത്രം

ന്യൂഡല്‍ഹി: നാലരപ്പതിറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസിന്റെ വിലാസം.കോണ്‍ഗ്രസിന്റെ ഉയര്‍ച്ച,താഴ്ചകള്‍ക്കും ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മന്ദിരം.ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ പ്രക്ഷുബ്ധമായ നിരവധി അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെട്ടത് ന്യൂഡല്‍ഹി നഗരഹൃദയത്തിനള്ളിലെ അക്ബര്‍ റോഡിലെ ഈ ബംഗ്ലാവില്‍ നിന്നായിരുന്നു. ബംഗ്ലാവിന്റെ മുറ്റത്തെ കൊടിമരത്തില്‍ നിന്ന് ഈ വരുന്ന 14ന് വൈകിട്ട് സുരക്ഷാജീവനക്കാരന്‍ പാര്‍ട്ടി പതാക അവസാനമായി താഴ്ത്തിക്കെട്ടും. പുതിയ ഇന്ത്യന്‍ രാഷ്ട്രീയകാലാവസ്ഥയ്ക്കനുസരിച്ച് രൂപമാറ്റം വരുത്തിയ മന്ദിരത്തില്‍ കാലം അനിവാര്യമാക്കിയ ചുവടുമാറ്റത്തിലേക്ക് കോണ്‍ഗ്രസ് പ്രവേശിക്കും. കോട്‌ല റോഡില്‍ 9എ എന്നാകും തുടര്‍ന്ന് പാര്‍ട്ടിയുടെ മേല്‍വിലാസം.

അടിയന്തരാവസ്ഥയ്ക്ക് ശേഷം പൊതുതിരഞ്ഞെടുപ്പിലേറ്റ വലിയ തിരിച്ചടിക്ക് പിന്നാലെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നതോടെയാണ് അക്ബര്‍ റോഡിലെ 24-ാം വസതിയിലേക്ക് ഇന്ദിരയ്ക്കും കൂട്ടര്‍ക്കും മാറേണ്ടി വന്നത്. അടിയന്തരാവസ്ഥയോടുള്ള ജനരോഷത്തില്‍ ഇന്ദിരയ്ക്കും അടിപതറിയ വര്‍ഷമായിരുന്നു 1978. സ്വാഭാവികമായും പിളര്‍ന്നുപോയ ജഗ്ജീവന്‍ റാമിന്റെയും ദേവറസ് അരശിന്റെയും ഗ്രൂപ്പുകാര്‍ക്കായി അതുവരെ പ്രവര്‍ത്തിച്ചിരുന്ന രാജേന്ദ്രപ്രസാദ് റോഡിലെ 5ാം നമ്പര്‍ മന്ദിരത്തിലെ ഓഫീസ് ഒഴിഞ്ഞുകൊടുക്കാന്‍ ഇന്ദിര തയാറായി. 1969ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം രൂപീകരിച്ച ഇന്‍ഡിക്കേറ്റ് എന്നറിയപ്പെട്ട കോണ്‍ഗ്രസ്-ആര്‍ പാര്‍ട്ടിയുടെ ആസ്ഥാനമായിരുന്നു രാജേന്ദ്രപ്രസാദ് റോഡിലേത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷമുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ഇന്ദിരാ കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നു. അടിയന്തരാവസ്ഥയില്‍ കാലാവസ്ഥ എതിരാണെന്നറിഞ്ഞിട്ടും ഇന്ദിരയോടൊപ്പം ഉറച്ചുനിന്ന അവിഭക്ത ആന്ധ്രയില്‍ നിന്നുള്ള എം.പി ഗദ്ദം വെങ്കടസ്വാമി തനിക്കനുവദിച്ചുകിട്ടിയ വസതി പാര്‍ട്ടിക്കായി നല്‍കുകയായിരുന്നു. അതാണ് അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ മന്ദിരം. പിന്നീട് 1980-ല്‍ ഇന്ദിര വര്‍ധിതവീര്യത്തോടെ അധികാരത്തില്‍ തിരിച്ചുകയറിയെങ്കിലും നേരത്തേ രാജേന്ദ്രപ്രസാദ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവിലെ പഴയ ഓഫീസ് തിരിച്ചുപിടിക്കാനവര്‍ തയാറായില്ല. അക്ബര്‍ റോഡിലെ പുതിയ ആസ്ഥാനത്ത് നിന്ന് പുതിയ അധ്യായത്തിന് തുടക്കമിടുന്നുവെന്ന് അവര്‍ പ്രഖ്യാപിച്ചു. മകന്‍ സഞ്ജയ് ഗാന്ധിയോട് അവര്‍ പറഞ്ഞു: 'രണ്ടുതവണ പരിക്കേറ്റ പാര്‍ട്ടിയെ ഞാന്‍ പുനരുദ്ധരിച്ചു. ഇനി ഈ മന്ദിരം ദശാബ്ദങ്ങളോളം അണികള്‍ക്ക് ഉത്തേജനമാകും.'

വെങ്കടസ്വാമിയുടെ കാലാവധിക്ക് ശേഷം ബംഗ്ലാവ് ജി.കെ. മൂപ്പനാരുടെ പേരില്‍ അനുവദിച്ച് പാര്‍ട്ടി നിലനിര്‍ത്തി. വീട് പാര്‍ട്ടിക്ക് വിട്ടു കൊടുത്ത് എം.പിമാര്‍ക്കുള്ള ഹോസ്റ്റല്‍സമുച്ചയമായ ജന്‍പഥ് റോഡിലെ വെസ്റ്റേണ്‍കോട്ടില്‍ മൂപ്പനാര്‍ താമസിച്ചു.1980ലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ നേതൃത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു. 90കളില്‍ പതിയെ ഈ മന്ദിരം പാര്‍ട്ടി ഔദ്യോഗികമാക്കി. അവിടെ പുതിയ ഓഫീസ് സമുച്ചയങ്ങള്‍ പാര്‍ട്ടി സ്വന്തമായി നിര്‍മിക്കുന്നത് 1992ല്‍ നരസിംഹറാവു ഭരണകാലത്തൊയിരുന്നു. എന്നാല്‍ പിന്നീട് റാവുവിന്റെ മൃതദേഹത്തിന് മുന്നില്‍ വാതില്‍ തുറക്കാതിരുന്നതിന്റെ പേരില്‍ വിവാദത്തിലായ പാര്‍ട്ടി ആസ്ഥാനവും ഇതുതന്നെ.

ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു, സീതാറാം കേസരി, സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ഖാര്‍ഗെ തുടങ്ങിയ സാരഥികള്‍ പാര്‍ട്ടിയെ നയിച്ച ആസ്ഥാനമന്ദിരമായി 24, അക്ബര്‍ റോഡ്. ഇന്ദിരയുടെയും രാജീവിന്റെയും വധം, സഞ്ജയ് ഗാന്ധിയുടെ അകാലമരണം, മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിന്റെയും മന്‍മോഹന്‍സിങിന്റെയും മരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം മൂകസാക്ഷിയായത് ഈ മന്ദിരമാണ്. ജനാര്‍ദ്ദന്‍ ദ്വിവേദിയും അംബികാസോണിയും അഹമ്മദ് പട്ടേലും അശോക് ഗഹ്ലോട്ടും അവസാനം കെ.സി. വേണുഗോപാലും വരെയുള്ള സംഘടനാ ജനറല്‍സെക്രട്ടറിമാരും ഈ ആസ്ഥാനമന്ദിരത്തിലിരുന്നാണ് പാര്‍ട്ടിതന്ത്രങ്ങള്‍ മെനഞ്ഞത്. 2004-14ലെ യു.പി.എ ഭരണകാലത്താണ് ദേശീയ പാര്‍ട്ടികള്‍ക്ക് സ്വന്തമായി ആസ്ഥാനമന്ദിരം തലസ്ഥാനത്ത് അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെട്ട കോട്‌ല റോഡിലെ വിശാലമായ പറമ്പിലാണ് പുതിയ ഓഫീസ്.

1947ല്‍ സ്വാതന്ത്ര്യത്തിന് തൊട്ടു പിന്നാലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനമന്ദിരം ജന്ദര്‍മന്ദര്‍ റോഡിലെ 7-ാം നമ്പര്‍ വസതിയായിരുന്നു. അലഹബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ട ഈ ആസ്ഥാനത്താണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെ പാര്‍ട്ടിയെ നയിച്ചത്. 1969ല്‍ ഇന്ദിരാഗാന്ധിയെ പാര്‍ട്ടി പുറത്താക്കിയപ്പോള്‍ അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ആര്‍) എന്ന പാര്‍ട്ടിയുണ്ടാക്കി. ആര്‍ എന്നാല്‍ റിക്വിസിഷനിസ്റ്റുകള്‍ അഥവാ അഭ്യര്‍ഥനവാദികള്‍. രാജേന്ദ്രപ്രസാദ് റോഡിലെ അഞ്ചാം നമ്പര്‍ വസതിയായി ഈ പാര്‍ട്ടിയുടെ ആസ്ഥാനം. പഴയ പാര്‍ട്ടി സംഘടനാ കോണ്‍ഗ്രസ് അഥവാ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഒ) ആയി അറിയപ്പെട്ടു. 1971ലെ തിരഞ്ഞെടുപ്പില്‍ പക്ഷെ കോണ്‍ഗ്രസ് (ആര്‍) വന്‍വിജയത്തോടെ അധികാരത്തിലേറിയതോടെ ഔദ്യോഗികപരിവേഷം ഇന്ദിരയുടെ പാര്‍ട്ടിക്കായി. അടിയന്തരാവസ്ഥ അടക്കം പിന്നീടുണ്ടായ പ്രക്ഷുബ്ധനാളുകള്‍ ആര്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. പഴയ സംഘടനാ കോണ്‍ഗ്രസ് 1978ലെ തിരഞ്ഞെടുപ്പോടെ ജനതാപാര്‍ട്ടിയില്‍ ലയിച്ചു. ജഗ്ജീവന്‍ റാമും അരശും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പാര്‍ട്ടി വിട്ടുപോയി സോഷ്യലിസ്റ്റ് ചേരിയായതോടെയാണ് രാജേന്ദ്രപ്രസാദ് റോഡിലെ ആസ്ഥാനത്ത് നിന്ന് ഇന്ദിരയും കൂട്ടരും പടിയിറങ്ങിയത്.

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിയാണ് അത്യാധുനിക രീതിയില്‍ കോണ്‍ഗ്രസിന്റെ പുതിയ മന്ദിരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2010ല്‍ അന്നത്തെ യു.പി.എ അധ്യക്ഷ സോണിയഗാന്ധി തറക്കല്ലിട്ടെങ്കിലും നിര്‍മാണം തുടങ്ങിയത് 2016ലാണ്. 2015ല്‍ അക്ബര്‍റോഡിലെ വസതിയൊഴിയാന്‍ ബി.ജെ.പി സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയപ്പോഴാണ് നിര്‍മാണപ്രവര്‍ത്തനം സജീവമാക്കിയത്. പാര്‍ട്ടിയുടെ എല്ലാ പോഷകസംഘടനകളുടെയും ഓഫീസുകള്‍ ഈ മന്ദിരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 75 എ.ഐ.സി.സി സെക്രട്ടറിമാര്‍ക്ക് ഇരുന്ന് പ്രവര്‍ത്തിക്കാനും സൗകര്യമുണ്ടാകും. നിലവിലെ മന്ദിരത്തില്‍ അവര്‍ക്ക് അത്തരം സൗകര്യമില്ല. ബി.ജെ.പിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന് തൊട്ടടുത്താണ് പുതിയ എ.ഐ.സി.സി കെട്ടിടമെന്നതും കൗതുകമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !