പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച് പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് തേടി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ കാര്യം നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ ബന്ധുക്കളും നെന്മാറ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല.
ഇത് തിരിച്ചറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഉന്നത തലത്തിലുള്ള പോലീസ് ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ നെന്മാറ പോലീസിനു സംഭവിച്ച വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് എ.ഡി.ജി.പി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.എന്തുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പ്രദേശത്ത് തുടരാന്‍ അനുവദിച്ചത്. ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാഞ്ഞത് എന്തുകൊണ്ട് എന്നതു സംബന്ധിച്ചുള്ള വിശദീകരണമാണ് ഇപ്പോള്‍ മനോജ് എബ്രഹാം ആവശ്യപ്പെട്ടിരിക്കുന്നത്. നെന്മാറ എസ്എച്ച്ഒ അടക്കമുള്ളവര്‍ക്കെതിരേ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴചയാണിതെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം കൊലയ്ക്കു ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലില്‍പോയ ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂര്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയത്.
നെന്മാറ പോലീസ് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധിച്ചു.
ജയിലില്‍നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
നെന്മാറ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉള്‍പ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബര്‍ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയത്. ചില അയല്‍വാസികളെയും ഭീഷണിപ്പെടുത്തി. സമീപവാസികള്‍ ഇതുസംബന്ധിച്ച് നെന്മാറ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനുള്ളില്‍ കയറാതെ നിന്ന ഇയാളോട് ഇന്‍സ്പെക്ടര്‍ പുറത്തേക്കുവന്നാണ് സംസാരിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചത് കോടതിയില്‍ റിപ്പോര്‍ട്ടുചെയ്ത് ജാമ്യം റദ്ദാക്കാനുള്ള നടപടി വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.