ന്യൂഡൽഹി: ഫെബ്രുവരിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനെതിരെ എ.എ.പി നേതാവും മുഖ്യമന്ത്രിയുമായ അതിഷി. ഡൽഹിയിലെ ജനങ്ങൾ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുകയാണ് ആ ചോദ്യം. എ.എ.പി വിജയിച്ചാൽ അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയാകുമെന്നും അതിഷി വ്യക്തമാക്കി. കഴിഞ്ഞ വർഷം കെജ്രിവാൾ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
ഡൽഹിയിൽ രമേശ് ബിധുരിയാകും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും അതിഷി പറഞ്ഞു. കൽക്കാജിയിൽ അതിഷിയുടെ എതിരാളിയായാണ് ബിധുരി മത്സരിക്കുന്നത്. അടുത്തിടെ പ്രിയങ്ക ഗാന്ധിയെയും അതിഷിയെയും അധിക്ഷേപിച്ച് ബിധുരി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ കൽക്കാജിയിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരി പറഞ്ഞത്. പരാമർശം വിവാദമായപ്പോൾ ബിധുരി മാപ്പുപറയുകയും ചെയ്തു.
രാഷ്ട്രീയ നേട്ടത്തിനായി, അതിഷി തന്റെ പിതാവിനെ പോലും ഒഴിവാക്കിയെന്നായിരുന്നു ബിധുരിയുടെ പരാമർശം. ''ഡൽഹി മുഴുവൻ ചോദിക്കുകയാണ് ആരാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രിയുടെ സ്ഥാനാർഥിയെന്ന്. എ.എ.പിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ അരവിന്ദ് കെജ്രിവാൾ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് അവർക്കറിയാം. എന്നാൽ ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാർഥി ആരാണെന്നാണ് അവരുടെ ചോദ്യം.'-അതിഷി പറഞ്ഞു.
ബി.ജെ.പിയുടെ കോർ കമ്മിറ്റി യോഗം നടക്കുകയാണ്. ഇന്ന് വൈകീട്ട് അവരുടെ പാർലിമെന്ററി ബോർഡ് മീറ്റിങ്ങും ചേരും. വ്യക്തമായ കേന്ദ്രങ്ങളിൽ നിന്ന് ഞങ്ങൾക്ക് വിവരം കിട്ടിയതനുസരിച്ച് സ്ത്രീകളെ നിരന്തരം അധിക്ഷേപിക്കുന്ന രമേശ് ബിധുരി തന്നെയാകും അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥി.-അതിഷി പറഞ്ഞു. ഡൽഹിയിൽ വോട്ടർമാരുടെ പട്ടികയിൽ കൃത്രിമം നടത്തുന്നതായി എ.എ.പി ആരോപിച്ചിരുന്നു. ഇക്കാര്യം ബോധിപ്പിക്കാനായി കെജ്രിവാൾ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യഥാർഥ വോട്ടർമാരുടെ പേരുകൾ വെട്ടി വ്യാജ വോട്ടർമാരെ പട്ടികയിൽ തിരുകി ചേർത്തുവെന്നാണ് എ.എ.പി ഉന്നയിച്ച ആരോപണം. വോട്ടർമാരെ സ്വാധീനിക്കാനായി ന്യൂഡൽഹിയിൽ തന്റെ എതിരാളിയായി മത്സരിക്കുന്ന പർവേശ് വർമ പണം വാരിയെറിയുകയാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിന് ഫലമറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.