തിരുവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് ആധിപത്യം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത കേരളം മധ്യപ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് 160 റണ്‍സില്‍ അവസാനിപ്പിച്ചു. അഞ്ച് വിക്കറ്റെടുത്ത നിധീഷ് എം ഡിയാണ് മധ്യപ്രദേശിനെ എറിഞ്ഞിട്ടത്.
മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സുമായി രോഹന് കുന്നുമ്മലും 22 റണ്‍സോടെ അക്ഷയ് ചന്ദ്രനും ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കെ ഒന്നാം ഇന്നിംഗ്സ് ലീഡെടുക്കാന്‍ കേരളത്തിന് ഇനിയും 107 റണ്‍സ് കൂടി മതി.ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മധ്യപ്രദേശിന് അഞ്ചാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു.ഏഴ് റണ്‍സെടുത്ത ഹര്‍ഷ് ഗാവ്ലി(7)യെ വീഴ്ത്തിയ നിധീഷാണ് മധ്യപ്രദേശിന് ആദ്യപ്രഹരമേല്‍പ്പിച്ചത്. രജത് പാടീദാറിനെ(0) പൂജ്യത്തിന് മടക്കി നിധീഷ് വീണ്ടും മധ്യപ്രദേശിനെ ഞെട്ടിച്ചു. പിന്നാലെ ഹിമാന്‍ഷു മന്ത്രിയെ(15) കൂടി വീഴ്ത്തിയ നിധീഷ് മധ്യപ്രദേശിനെ 30-3ലേക്ക് തള്ളിവിട്ടു.അഞ്ചാമനായി ക്രീസിലെത്തിയ ഹര്‍പ്രീത് ഭാട്ടിയയെ(5) ജലജ് സക്സേന വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ആര്യന് പാണ്ഡെയെ(0) ആദിത്യ സര്‍വാതെയും സാരാന്‍ഷ് ജെയിനിനെ(8) നിധീഷും വീഴ്ത്തി. കുമാര്‍ കാര്‍ത്തികേയ(12) ശുഭം ശര്‍മക്ക് പിന്തുണ നല്കി ക്രീസില്‍ നിന്നെങ്കിലും സര്‍വാതെ തന്നെ കൂട്ടുകെട്ട് പൊളിച്ചു. സ്കോര്‍ 117ല്ർ നില്‍ക്കെ ശുഭം ശര്‍മയെ(54) പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് തികച്ചെങ്കിലും 42 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ പൊരുതിയതോടെ മധ്യപ്രദേശ് 150 കടന്നു. വെങ്കടേഷ് അയ്യരെയും കുല്‍ദീപ് സെന്നിനെയും പുറത്താക്കിയ ബേസില്‍ എന്‍ പി ആണ് മധ്യപ്രദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.കേരളത്തിനായി എം ഡി നിധീഷ് 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെ 30 റണ്‍സിനും ബേസില്‍ എന്‍ പി 41 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്സേന ഒരു വിക്കറ്റുമെടുത്തു. എലൈറ്റ് ഗ്രൂപ്പ് സിയില്‍ അഞ്ച് കളികള്‍ പൂര്‍ത്തിയാക്കിയ കേരളം രണ്ട് ജയങ്ങളുമായി 18 പോയന്റോടെ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ 10 പോയന്റുള്ള മധ്യപ്രദേശ് ആറാം സ്ഥാനത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.