കൊച്ചി: ഇന്നലെ ജാമ്യം നൽകിയിട്ടും ജയിലിനു പുറത്തിറങ്ങാൻ വിസമ്മതിച്ച വ്യവസായി ബോബി ചെമ്മണൂരിനു ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോടതിയോടു കളിക്കാൻ നിൽക്കരുതെന്നും ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പു നൽകി.
എന്തു സാഹചര്യത്തിലാണ് ഇന്നലെ ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്നത് എന്നതിൽ ഉച്ചയ്ക്ക് 12ന് വിശദീകരണം നൽകാനും കോടതി ഉത്തരവിട്ടു.‘‘എന്താണ് ഇന്നലെ സംഭവിച്ചത്? ജാമ്യ ഉത്തരവ് എപ്പോഴാണു പുറത്തിറങ്ങിയത് എന്ന് ഞാൻ അന്വേഷിച്ചിരുന്നു. 4.08ന് ഉത്തരവ് പുറത്തിറങ്ങി. 4.45ന് റിലീസിങ് ഓർഡറും നൽകി. ഒരു സാങ്കേതിക പ്രശ്നവും ഇതിനിടയിൽ ഉണ്ടായില്ല. എന്നിട്ടും എന്തുകൊണ്ടാണു ബോബി പുറത്തിറങ്ങാതിരുന്നത്? കോടതിയിൽ ഇത്തരം നാടകം കളിക്കരുത്. ജാമ്യം നൽകാൻ മാത്രമല്ല അത് റദ്ദാക്കാനും എനിക്കറിയാം’’– ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
‘‘ബോബി ഹൈക്കോടതിയോട് കളിക്കാൻ ശ്രമിക്കുകയാണ്. റിമാൻഡ് തടവുകാരുടെ കാര്യം നോക്കാൻ ഇവിടെ കോടതിയുണ്ട്. കുറെ മാധ്യമശ്രദ്ധ കിട്ടാനായി ഇത്തരം പരിപാടികൾ ചെയ്താൽ എന്താണു ചെയ്യേണ്ടത് എന്ന് കോടതിക്ക് അറിയാം. അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ടു രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ വിചാരണ നടത്തിക്കും. അതിനും കോടതി മടിക്കില്ല. കോടതി ഉത്തരവ് ഇത്രയ്ക്കു ലഘുവായിട്ടാണോ എടുക്കുന്നത്?’’– കോടതി ആരാഞ്ഞു. റിലീസിങ് ഒാർഡർ എത്തുന്നതിന് 7 മണി വരെ ജയിൽ അധികൃതർ കാത്തുനിന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബോബിയെക്കുറിച്ചു താൻ പറഞ്ഞതു ശരിയാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടെന്നു കോടതി അഭിപ്രായപ്പെട്ടു.
തനിക്കു മുകളിൽ ആരുമില്ലെന്നാണു ബോബിയുടെ ധാരണ. ആരാണു മുകളിൽ ഉള്ളതെന്നു കാണിച്ചു തരാം. ഇപ്പോൾ അറസ്റ്റ് ചെയ്യാൻ വേണമെങ്കിൽ ഉത്തരവിടാം. ബോബി നിയമത്തിനു മുകളിലാണെന്നാണോ വിചാരമെന്നും കോടതി ചോദിച്ചു.
ഇന്നലെ ജാമ്യം കിട്ടിയിട്ടും ബോബി ഇന്നു രാവിലെയാണു കാക്കനാട് ജില്ലാ ജയിലിൽനിന്നു പുറത്തിറങ്ങിയത്. ഹൈക്കോടതി സ്വമേധയാ കേസ് വീണ്ടും പരിഗണിച്ച് വിമർശിച്ചതിനു തൊട്ടുപിന്നലെയാണ് അഭിഭാഷകരെത്തി ബോബിയെ അതിവേഗം പുറത്തിറക്കിയത്. ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.