തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി പ്ലാന്റിനു സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ എതിര്‍പ്പ് കടുപ്പിച്ച് സിപിഐ. പാര്‍ട്ടി മുഖപത്രത്തില്‍ ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരിയുടെ ലേഖനത്തില്‍ സംസ്ഥാന താല്പര്യത്തിനു നിരക്കാത്ത പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും വിഷയത്തില്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ടെന്നും വ്യക്തമാക്കുന്നു. പാലക്കാട് നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനു രൂപം നല്‍കിയതാണ് മലമ്പുഴ ഡാം എന്നും ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
‘‘പാലക്കാട് ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ കുറയുന്നതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതമായി ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലം കൊടും വരള്‍ച്ചയായിരിക്കും. മഴവെളളം സംഭരിക്കുന്നതിനായി വലിയ സംഭരണികള്‍ പാലക്കാട്ടു തുടങ്ങിയെങ്കിലും മഴ ആവശ്യത്തിനു ലഭിക്കാത്തത്തിനാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. പാലക്കാട്ടെ കാര്‍ഷികമേഖല ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന സന്ദര്‍ഭത്തിലാണ് എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ മദ്യവ്യവസായത്തിനായി ഒയാസിസ് കൊമേഴ്സ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങാന്‍ അനുമതി നല്‍കിയത്.
മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍നിന്ന് ഉല്പാദിപ്പിക്കേണ്ടതെന്ന ചോദ്യം ഇതിലൂടെ ഉയര്‍ന്നുവരുന്നു. മദ്യവ്യവസായത്തിന് എവിടെനിന്നാണ് ജലം ലഭിക്കുക? നിലവിലെ കൃഷി സംരക്ഷിക്കല്‍ അല്ലേ പ്രധാനം എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. മദ്യക്കമ്പനി വെള്ളം ചൂഷണം ചെയ്യുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. അതിലൂടെ കാര്‍ഷികമേഖലയാകെത്തന്നെ സ്തംഭനത്തില്‍ ആകുന്ന ഗുരുതരമായ സാഹചര്യം ഉണ്ടാകും. മലമ്പുഴ ഡാമില്‍നിന്ന് കൃഷിക്ക് ലഭിക്കേണ്ട വെള്ളം മദ്യനിര്‍മാണ കമ്പനിക്കു വിട്ടു നല്കിയാല് നെല്‍കൃഷി മേഖല ആകെ ഇല്ലാതാകും. ലക്ഷക്കണക്കിനു കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതമേഖലയാണ് കൃഷി. ഭക്ഷ്യസുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുകയും കൃഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാന താല്പര്യത്തിനു നിരക്കുന്നതല്ല. ജലചൂഷണത്തിനായി കൊക്കക്കോള കമ്പനിയും പെപ്സിയും നടത്തിയ നീക്കങ്ങള്‍ക്കെതിരായ സമരങ്ങള്‍ മാതൃകാപരമായിരുന്നു. കൃഷിക്ക് ആവശ്യമായ ജലസമ്പത്ത് തട്ടിയെടുക്കാന്‍ കമ്പനികള്‍ നടത്തിയ നീക്കങ്ങള്‍ ജനകീയ ഇടപെടല്‍ മൂലം പരാജയപ്പെടുകയായിരുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യനിര്‍മാണത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കരുത്. അത്തരം നീക്കത്തില്‍നിന്നു പിന്‍വാങ്ങണം.
2008ലെ തണ്ണിര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പെട്ട സ്ഥലത്താണ് മദ്യക്കമ്പനി തുടങ്ങാന്‍ പ്രാഥമിക അനുമതി നൽകിയിട്ടുള്ളത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചപ്പോള്‍ പ്രത്യേകമായ അനുമതിയാണ് ഇപ്പോള്‍ നൽകിയിട്ടുള്ളത്. അത് പുനഃപരിശോധിക്കാന്‍ തയാറാകണം. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും നാടിന്റെയും താല്പര്യം സംരക്ഷിക്കണം.’’ ലേഖനത്തില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.