ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തലേദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്താക്കിയെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി.
'ഇന്നാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മൂന്നുമാസത്തിനകം ഇത് രണ്ടാംതവണയാണ് മുഖ്യമന്ത്രിയായ എനിക്ക് അനുവദിക്കപ്പെട്ട ഔദ്യോഗിക വസതിയില്‍നിന്ന് എന്നെ പുറത്താക്കുന്നത്.
മുഖ്യമന്ത്രിക്ക് അനുവദിച്ച വസതി കത്ത് മുഖേന അവര്‍ റദ്ദാക്കി. അത് തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയില്‍നിന്നും സര്‍ക്കാരില്‍നിന്നും തട്ടിയെടുത്തു', എന്ന് അതിഷി ആരോപിച്ചു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പും കേന്ദ്രം ഇത് ആവര്‍ത്തിച്ചിരുന്നു. ഞാന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്റെ വസ്തുവകകളും കുടുംബത്തേയും അവര്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞു. വീട് തട്ടിയെടുക്കുകയോ വീട്ടുകാരെ ഉള്‍പ്പെടുത്തി ആക്രമിക്കുകയോ ചെയ്താല്‍ ഞങ്ങളെ തടയാന്‍കഴിയുമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍, ഞങ്ങളെ വീട്ടിൽനിന്ന് പുറത്താക്കിയാലും കർത്തവ്യങ്ങളിൽനിന്ന് പിന്നോട്ടുപോകുന്നില്ലെന്നാണ് ഡല്‍ഹിയിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്, അതിഷി കൂട്ടിച്ചേര്‍ത്തു.
ബിജെപി ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഒന്നുംതന്നെ ചെയ്യില്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടുന്നുണ്ടോ, ആളുകള്‍ക്ക് വൈദ്യുതി ലഭ്യമാണോ എന്നതൊന്നും അവരെ ബാധിക്കുന്ന കാര്യങ്ങളല്ല. ആംആദ്മി നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും അതിഷിയെ പിന്തുണച്ചുകൊണ്ട് മന്ത്രിസഭാംഗമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
'ഇന്ന് ബിജെപി ചെയ്തത് ഞങ്ങളെക്കൊണ്ട് ചിന്തിക്കാനാകാത്ത കാര്യമാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്നും അതിഷിയെ പുറത്താക്കുകയും അവരുടെ വസ്തുക്കളും നീക്കംചെയ്യുകയും ചെയ്തു. ഇതിന് മുമ്പും അവരിത് ചെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ലോകത്തൊരിടത്തും ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അതിഷിയുടെ ആരോപണം ബിജെപി തള്ളി. ഡല്‍ഹി മുഖ്യമന്ത്രിയായ അതിഷി കള്ളം പറയുകയാണെന്ന് ബിജെപിയുടെ ഐടി മേധാവിയായ അമിത് മാളവ്യ പറഞ്ഞു. '2024 ഒക്ടോബര്‍ 11 മുതല്‍ ഔദ്യോഗിക വസതിയായ ഷീഷ്മഹല്‍ അതിഷിക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിനെ വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട് അതിഷി ഇപ്പോഴും വസതിയിൽ താമസം തുടങ്ങിയിട്ടില്ല. അതിനാല്‍ അനുമതി പിന്‍വലിക്കുകയും പകരം രണ്ട് ബംഗ്ലാവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ കത്ത് മാളവ്യ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.