ആലുവ: ആലുവയിൽ 11.46 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന ആരോപണത്തിൽ പി.വി. അൻവറിനെതിരേ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് (ശനിയാഴ്ച) എടത്തല പഞ്ചായത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരെത്തി പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവരുടെ മൊഴിയെടുത്തു.
ആലുവ ഈസ്റ്റ് വില്ലേജിൽ പാട്ടാവകാശം മാത്രമുള്ള 11.46 ഏക്കർ ഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിൽ പി.വി. അൻവറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമയപരിധിക്കുള്ളിൽ സർക്കാരിൽ ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കൊല്ലം സ്വദേശി വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് നടപടി. ആലുവയിൽ നാവികസേന ആയുധ സംഭരണശാലയ്ക്കു സമീപം 11.46 ഏക്കർ ഭൂമി ഇന്റർ നാഷണൽ ഹൗസിങ് കോംപ്ലക്‌സിന്റേതാണ്. ഇവർ 99 വർഷത്തിന് ഭൂമി ജോയ്മത് ഹോട്ടൽ റിസോർട്‌സ് ലിമിറ്റഡിന് പാട്ടത്തിന് നൽകുകയായിരുന്നു. ഇവിടെ ഏഴു നിലകളുള്ള സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടൽ റിസോർട്ട് കെട്ടിടങ്ങളാണ് പണിതത്.ജോയ്മത് റിസോർട്ട് ടൂറിസം ഫിനാൻസ് കോർപ്പറേഷനിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ന്യൂഡൽഹിയിലെ ഡി.ആർ.ടി.യിൽ (ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ) നിന്ന് ലേലത്തിനാണ് പി.വി. അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്‌സ് ഇന്ത്യ ഭൂമിയുടെ 99 വർഷത്തെ പാട്ടാവകാശം സ്വന്തമാക്കിയത്.
പാട്ടാവകാശം മാത്രമുള്ള ഭൂമി സ്വന്തം ഭൂമിയാണെന്നു പറഞ്ഞ് പി.വി. അൻവർ ആലുവ ഈസ്റ്റ് വില്ലേജിൽ ഈ ഭൂമി നിയമവിരുദ്ധമായി നികുതിയടച്ച് സ്വന്തമാക്കുകയായിരുന്നുവെന്നാണ് കേസ്. ക്രയവിക്രയാവകാശമുള്ള സ്വന്തം ഭൂമിയാണെന്ന് വെളിപ്പെടുത്തി എസ്.ബി.ഐ. കോയമ്പത്തൂർ ബ്രാഞ്ചിൽനിന്നു 14 കോടി രൂപ വായ്പയെടുത്ത് സാമ്പത്തിക ലാഭം നേടുകയും ചെയ്തു. രജിസ്റ്റർ ചെയ്ത ആധാരം സഹിതം വേണം പോക്കുവരവിന് അപേക്ഷ നൽകാനും പോക്കുവരവ് നടത്തി തണ്ടപ്പേർ നമ്പറിട്ട് കരം സ്വീകരിക്കേണ്ടതും. എന്നാൽ, പോക്കുവരവ് നടത്താനായി പി.വി. അൻവറിന്റെയോ കമ്പനിയുടെയോ അപേക്ഷ പോലും വില്ലേജ് ഓഫീസിൽ ഇല്ലെന്ന് മുരുഗേഷ് നരേന്ദ്രന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.