മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ പദവിയുടെ മഹത്വം പാലിക്കണമെന്ന് ശരദ് പവാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ബിജെപി, 1978 മുതൽ ശരദ് പവാർ കളിക്കുന്ന വഞ്ചനയുടെ രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ബിജെപി കൺവൻഷനിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘1978ൽ ഞാൻ മുഖ്യമന്ത്രിയായിരുന്നു. അന്ന് അമിത് ഷാ എവിടെയാണെന്ന് എനിക്കറിയില്ല. ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ജനസംഘത്തിലെ ഉത്തംറാവു പാട്ടീലിനെപ്പോലുള്ളവർ മന്ത്രിസഭയിലുണ്ടായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ ചേരികളിലുള്ള നേതാക്കൾ തമ്മിൽ പോലും നേരത്തേ നല്ല സൗഹൃദവും ആശയവിനിമയവും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതില്ല’’– പവാർ പറഞ്ഞു.
പ്രതിപക്ഷത്തായിരുന്നിട്ടും ഭുജ് ഭൂകമ്പത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി തന്നെ ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാനാക്കിയ കാര്യം പവാർ അനുസ്മരിച്ചു. ഈ രാജ്യം ഒട്ടേറെ മികച്ച ആഭ്യന്തര മന്ത്രിമാരെ കണ്ടിട്ടുണ്ട്, എന്നാൽ അവരാരും സ്വന്തം സംസ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടിട്ടില്ല. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് ഷായെ 2010ൽ ഗുജറാത്തിൽനിന്നു 2 വർഷത്തേക്കു പുറത്താക്കിയതിനെ പരാമർശിച്ച് പവാർ പറഞ്ഞു. 2014ൽ എല്ലാ കുറ്റങ്ങളിൽ നിന്നും ഷാ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. ഡൽഹിയിൽ എഎപിക്ക് പിന്തുണ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശരദ് പവാർ എഎപിക്കു പിന്തുണ വാഗ്ദാനം ചെയ്തു. നേരത്തേ, ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികളായ തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ശിവസേനയും (ഉദ്ധവ്) എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 4 പാർട്ടികൾക്കും ഡൽഹിയിൽ കാര്യമായ സ്വാധീനമില്ലെങ്കിലും അവയുടെ പിന്തുണ എഎപിക്ക് ഊർജം പകരും.
‘‘ഡൽഹിയിലെ സാഹചര്യം അനുസരിച്ച് എഎപിയെ പിന്തുണയ്ക്കുകയാണു വേണ്ടതെന്നു തോന്നുന്നു. ഇന്ത്യാസഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി രൂപീകരിച്ചതാണ്’’ – ശരദ് പവാർ പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഒറ്റയ്ക്കു മത്സരിക്കുമെന്നു ശിവസേന (ഉദ്ധവ്) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൻസിപി പവാർ വിഭാഗവും ഒറ്റയ്ക്കു നീങ്ങാനാണു സാധ്യത. രാഷ്ട്രീയ പാർട്ടികൾ അടിത്തറ ശക്തമാക്കാൻ കൂടി ലക്ഷ്യമിട്ടാണു തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കുന്നതെന്നു ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.