കോട്ടയം: കേരളത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്നു വ്യത്യസ്തമായി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിച്ചതിനാണു അർലേക്കറെ ഗോവിന്ദൻ പ്രശംസിച്ചത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവയ്‌ക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് കഴിഞ്ഞ 17ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയത്. മുൻ ഗവർണറിൽനിന്നു വ്യത്യസ്തമായി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാൻ പുതിയ ഗവർണർ തയാറായി. കേന്ദ്ര സർക്കാരിനെതിരെ വിമർശമുണ്ടെങ്കിലും അതിന്റെ പേരിൽ ഭരണഘടനാ ചുമതല നിർവഹിക്കുന്നതിൽനിന്നു വിട്ടുനിൽക്കാൻ ഗവർണർ തയാറായില്ലെന്നതു സ്വാഗതാർഹമാണ്. തുടർന്നുള്ള ദിവസങ്ങളിലും ഗവർണറുടെ ഭാഗത്തുനിന്നും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലേഖനത്തിൽ ഗോവിന്ദൻ പറഞ്ഞു.
‘‘ബിഹാറിലേക്ക് സ്ഥലം മാറിപ്പോയ മുൻ ഗവർണർ കഴിഞ്ഞ വർഷംപോലും ഒന്നര മിനിറ്റുമാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താൻ ശ്രമിച്ച കാര്യം പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല. പതിനഞ്ചാം കേരള നിയമസഭയുടെ 13–ാം സമ്മേളനത്തിന്റെ ആദ്യ ദിവസം, രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ ഗവർണർ വരച്ചിട്ടത് പിണറായി വിജയൻ സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണ്. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത, വികസിത രാഷ്ട്രങ്ങൾക്കുപോലും അപ്രാപ്യമായ ലക്ഷ്യത്തിലേക്കാണു കേരളം മുന്നേറുന്നത്. നരേന്ദ്ര മോദി സർക്കാർ മുന്നോട്ടു വയ്‌ക്കുന്ന നവ ഉദാരവാദ നയങ്ങൾ തള്ളിക്കളഞ്ഞു പ്രായോഗിക ബദലുകൾ മുന്നോട്ടു വയ്‌ക്കുന്നു എന്നതാണു നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കം. എന്നാൽ ഇത് ബോധപൂർവം മറച്ചുവച്ച്, കേന്ദ്രവിമർശനം കേരള സർക്കാർ മയപ്പെടുത്തിയെന്ന ആഖ്യാനമാണ് മുഖ്യധാരാ മാധ്യമങ്ങൾ നൽകിയത്. കേന്ദ്രശ്രദ്ധയിൽ കൊണ്ടുവരേണ്ട പ്രസക്തമായ കാര്യങ്ങൾ സഭ്യമായ ഭാഷയിൽ നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സഭ്യേതരമായ ഭാഷയിൽ അന്തിച്ചർച്ചയിലെന്നപോലെ നയപ്രഖ്യാപന പ്രസംഗം തരംതാഴണമെന്നാണെങ്കിൽ അത് എൽഡിഎഫ് സർക്കാരിന്റെ നയമല്ല’’– ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയ്ക്കൊപ്പം രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചിരുന്നു. രാജ്ഭവൻ ക്യാംപസിലെ പ്രകൃതി സൗന്ദര്യം മുഖ്യമന്ത്രി പരാമർശിച്ചപ്പോൾ, ‘ഇനിമുതൽ പ്രഭാത നടത്തം രാജ്ഭവനിൽ ആയാലോ’ എന്നു ഗവർണർ രാജേന്ദ്ര അർലേക്കർ ക്ഷണിക്കുകയും ചെയ്തു. ഗവർണർക്കു കൈനിറയെ സമ്മാനങ്ങളുമായാണു മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയെ ഷാൾ അണിയിച്ചു സ്വീകരിച്ച ഗവർണർ ഉപഹാരമായി കഥകളി ശിൽപവും നൽകി. കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടു. 3 വർഷത്തിനിടെ, ആദ്യമായാണു രാജ്ഭവനിൽ മുഖ്യമന്ത്രിയുടെ ഇത്തരത്തിലൊരു സന്ദർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.