തൃശ്ശൂര്‍: ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ കടയില്‍നിന്ന് വാങ്ങിയ സമൂസയില്നിന്ന് പല്ലിയെ കിട്ടിയതായി പരാതി. ബസ് സ്റ്റാന്‍ഡില്‍ കൂടല്‍മാണിക്യം റോഡിന്റെ വശത്ത് പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ എന്ന കടയില്‍ നിന്ന് വാങ്ങിയ സമൂസയിലാണ് പല്ലിയെ കണ്ടെത്തിയത് എന്നാണ് പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കടയില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ സമൂസയിലാണ് പല്ലിയെ കണ്ടെത്തിയത്. ആരോഗ്യവകുപ്പ് അധികൃതര്‍ കടയിലെത്തി പരിശോധന നടത്തി. കട താത്കാലികമായി പൂട്ടിച്ചു.
ആനന്ദപുരം സ്വദേശിയായ തോണിയില്‍ വീട്ടില്‍ സിനിയും രാജേഷും ഈ കടയില്‍ നിന്ന് ഭക്ഷണം കഴിക്കുകയും മക്കള്‍ക്കായി സമൂസ പാഴ്സല്‍ വാങ്ങുകയുമാണ് ഉണ്ടായത്. വീട്ടിലെത്തി കഴിക്കുമ്പോഴാണ് ഉള്ളില്‍ പല്ലിയെ കണ്ടെത്തിയത്. മകള്‍ കഴിച്ചുകൊണ്ടിരുന്ന സമൂസയിലാണ് പല്ലിയെ കണ്ടതെന്ന് പരാതിക്കാരന് പറയുന്നു. പല്ലിയുടെ വാല് കടിച്ച മകള്‍ അതെന്താണ് എന്ന് നോക്കിയപ്പോഴാണ് ബാക്കി ഭാഗം കൂടി കണ്ടത്. പിന്നാലെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ആരോഗ്യവിഭാഗത്തില്‍ പരാതി നല്കി.
തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി പരാതിക്കാരന് പറയുന്നു. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പരാതിക്കാരനും കുടുംബവും സാധനങ്ങള്‍ വാങ്ങുന്നതിന്റെയും മറ്റും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഓണ്‍ലൈനായി ബില്ല് അടച്ചതിന്റെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അതേസമയം, പലഹാരങ്ങള്‍ ബേക്കറിയില്‍ ഉണ്ടാക്കുന്നതല്ലെന്നും മറ്റൊരു സ്ഥലത്തുനിന്നും പാഴ്സലായി വരുത്തിക്കുന്നതാണ് എന്നുമാണ് ബേക്കറി ഉടമ പറയുന്നത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമൂസയടക്കമുള്ള പലഹാരങ്ങള്‍ പാഴ്സലായി വാങ്ങിയിരുന്ന സ്ഥലത്തും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം, കടയിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ഡ് എടുത്ത ശേഷം കട തുടര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.