നെന്മാറ: മൂന്നുപേരെ അരുംകൊല ചെയ്ത കേസിലെ പ്രതി ചെന്താമരയെ പിടികൂടിയപ്പോൾ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനു 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ചെന്താമരയെ വിട്ടുകിട്ടണമെന്നും പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11ന് ചെന്താമരയെ നെന്മാറ സ്റ്റേഷനിലെത്തിച്ചപ്പോൾ തള്ളിക്കയറിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മനഃപൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നാണു പൊലീസ് പറയുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് കരിമ്പാറ, നെന്മാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണു കേസെടുത്തത്. ഗേറ്റ്, മതിൽ എന്നിവ തകർത്ത് 10000 രൂപയുടെ നഷ്ടം വരുത്തി, സ്റ്റേഷൻ പരിസരത്ത് മനഃപൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചു, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ കൃഷ്ണദാസിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചു, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണു ചുമത്തിയത്.
ആലത്തൂർ സബ് ജയിലിൽ റിമാൻഡിലാണു പ്രതി ചെന്താമര. തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണു ചൊവ്വാഴ്ച രാത്രി ചെന്താമരയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.