ദില്ലി: ഉത്തർ പ്രദേശിലെ പ്രയാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി ചടങ്ങിനെത്തും. ഇത്രയും ദിവസങ്ങളിലായി ആകെ 40 കോടി തീർത്ഥാടകർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്നത്തെ പൗഷ് പൂർണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങുകള്‍. ഇന്ന് മുതല്‍ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം തുടങ്ങും.
14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂർണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്നാനങ്ങള്‍ നടക്കുക.
കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധർമ്മത്തിന്റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയില്‍ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രയാഗ് രാജില്‍ 12 കിലോമീറ്റർ നീളത്തില്‍ സ്നാന ഘാട്ടുകള്‍ തയാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷല്‍ സർവീസുകളുള്‍പ്പടെ 13000 ട്രെയിൻ സർവീസുകള്‍ ഒരുക്കുമെന്ന് റെയില്‍വേയും അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജില്‍ പ്രത്യേക ലക്ഷ്വറി ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്.
14000 മുതല്‍ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകള്‍. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വൻ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാറിന്റെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.