തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി കേരളമൊന്നാകെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിസ്ഥലം.
ഒരുപക്ഷെ കേരളത്തില്‍ തന്നെ ആദ്യത്തെ സംഭവമാകും ഇത്തരമൊരു സമാധി. വ്യാഴാഴ്ച രാവിലെയാണ് നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനില്‍ ഗോപൻ മരിച്ചത്. മരിക്കുമ്പോള്‍ 69 വയസായിരുന്നു പ്രായം. തങ്ങളുടെ പിതാവ് സമാധിയായിയെന്ന് എഴുതി വീടിന് പരിസര പ്രദേശങ്ങളില്‍ മക്കള്‍ പോസ്റ്റർ പതിപ്പിച്ചപ്പോഴാണ് മരണ വാർത്ത നാട്ടുകാരും പ്രദേശവാസികളും അറിയുന്നത്.ഉടൻ തന്നെ പോലീസും കലക്ടർ അടക്കമുള്ളവരും എത്തി പരിശോധന നടത്തി സമാധി സ്ഥലം കണ്ടെത്തി. കിടപ്പിലായിരുന്ന ഗോപൻ വ്യാഴാഴ്ച രാവിലെ മരിച്ചതിനെ തുടർന്ന് സമാധിയിരുത്തിയെന്നാണ് ഭാര്യ സുലോചനയും മക്കളായ രാജസേനനും സനന്തനും പറഞ്ഞത്. രാജസേനൻ പിന്നീട് ഈ മൊഴി മാറ്റി.
പിതാവ് സമാധിയാകാൻ ആഗ്രഹിക്കുന്ന വിവരം തന്നോട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് സമാധി ഇരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാജസേനൻ കുടുംബ ക്ഷേത്രത്തിലെ പൂജാരിയാണ്.പിന്നീട് ഈ അറ കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചുവെന്നും രാജസേനൻ പൊലീസിന് മൊഴി നല്‍കി. കടുത്ത ശിവ ഭക്തനായ ഗോപൻ വീട്ടുവളപ്പില്‍ തന്നെ ശിവക്ഷേത്രം നിർമിച്ച് പൂജകള്‍ നടത്തിയിരുന്നു. ഭാര്യയുടേയും മക്കളുടേയും മൊഴിയില്‍ ദുരൂഹതയുള്ളതിനാല്‍ സമാധി പൊളിച്ച് പരിശോധിക്കാനായിരുന്നു അധികൃതരുടെ തീരുമാനം.
എന്നാല്‍ ആർഡിഒയും ഡിവൈഎസ്പിയും സ്ഥലത്തെത്തി സ്ഥലം പരിശോധിക്കുന്നതിനിടെ ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളുടെ നേതാക്കളെത്തി സമാധി പൊളിക്കേണ്ട കാര്യമില്ലെന്നും അത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞതോടെ പൊളിച്ച് പരിശോധിക്കാമെന്ന തീരുമാനത്തില്‍ നിന്ന് തല്‍ക്കാലം അധികൃതർ പിന്മാറി.
ദുരൂഹ സമാധിയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ അടക്കം ചർച്ചകള്‍ കൊഴുക്കുന്ന സാഹചര്യത്തില്‍ നടൻ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദയാവധത്തിന് അനുമതിയില്ലാത്തപ്പോള്‍ ഒരാള്‍ സമാധിയാവുന്നത് കുറ്റകരമാണെന്നും സതി നിരോധിച്ചിടത്ത് പുതിയ സതിയന്മാരുണ്ടാവരുതെന്നുമാണ് നടൻ കുറിച്ചത്. ദയാവധത്തിന് അനുമതി ലഭിക്കാത്ത രാജ്യത്ത് ഒരാള്‍ സമാധിയാവുന്നത് കുറ്റകരമാണ്.
ഒരു മനുഷ്യന്റെ ആത്മഹത്യാ ശ്രമത്തിന് ഒരു കുടുംബം കാവല്‍ നില്‍ക്കുന്നതും അതിന് അവരുടെ സഹായം ലഭിക്കുന്നതും ഏത് വിശ്വാസത്തിന്റെ പേരിലാണെങ്കിലും ഒരു ജനാധിപത്യ രാഷ്ട്രത്തിന് ചേരാത്തതാണ്. സതി നിരോധിച്ച രാജ്യമാണ്.
പുതിയ സതിയൻമാർ ഉണ്ടാവരുത്. നിയമമേ നിയമമാവുക... കേരളമേ മാതൃകയാവുക... എന്നായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്. സമാധി പൊളിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നാണ് ഭൂരിഭാഗം മലയാളികളും ആവശ്യപ്പെടുന്നത്.
കേരളത്തില്‍ തന്നെയാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് മറ്റ് ചിലർ കുറിച്ചത്. ഭാവിയില്‍ ഇതൊരു അമ്പലമാകുന്നതും ഒരുപാട് തീർത്ഥാടകർ വരുന്നതും ഒരുപാട് പണം ക്ഷേത്രത്തില്‍ എത്തുമെന്നും മക്കള്‍ സ്വപ്നം കണ്ട് കാണും, ജീവിച്ചിരിക്കുന്ന അച്ഛനമ്മമാർക്ക് ഇതൊരു ഭീക്ഷണിയാണ്.
സത്യം പുറത്ത് കൊണ്ടുവരണം. അല്ലെങ്കില്‍ കേരളം സമാധികളുടെ നാടെന്ന് അറിയപ്പെടും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതിന് വേണ്ടി ശബ്ദിക്കാൻ ആളുണ്ടല്ലോ... കഷ്ടം തോന്നുന്നു എന്നിങ്ങനെ എല്ലാമാണ് ജനങ്ങളുടെ പ്രതികരണങ്ങള്‍.കോടതി ഉത്തരവ് ഇറങ്ങിയാലും സമാധി പൊളിക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് കുടുംബം. സമാധി ഇരുത്തുമ്പോള്‍ മറ്റുള്ളവർ കാണാൻ പാടില്ലെന്നതിനാലാണത്രെ ആരെയും അറിയിക്കാെതെ കുടുംബം ചടങ്ങുകള്‍ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.