കൊല്‍ക്കത്ത: ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന കോടതിവിധിയില്‍ പ്രതികരണവുമായി പ്രതിയുടെ മാതാവ്..
കഴിഞ്ഞ ദിവസമാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി വിധിച്ചത്.പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കാനിരിക്കെയാണ് പ്രതിയുടെ മാതാവ് മാലതി റോയിയുടെ പ്രതികരണം. മൂന്ന് പെണ്‍മക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാകുമെന്ന് മാലതി റോയ് പറഞ്ഞു.
'എനിക്ക് മൂന്ന് പെണ്‍മക്കളാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദന മനസ്സിലാകും. അവൻ അർഹിക്കുന്ന ശിക്ഷ എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെ. തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും''- മാലതി റോയി പറഞ്ഞു.സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അയാളുടെ സഹോദരി സബിത പറഞ്ഞു. സഹോദരൻ അറസ്റ്റിലായതിന് ശേഷം വീടിന് പുറത്തിറങ്ങാൻ ഭയമായി. ആഴ്ചയില്‍ ഒരിക്കല്‍ ക്ഷേത്രത്തില്‍ പോകാറുണ്ടായിരുന്നു. അതും നിർത്തേണ്ടി വന്നു. ഒരാള്‍ ചെയ്ത കുറ്റത്തിന് തങ്ങള്‍ എല്ലാവരും ശാപം ഏറ്റുവാങ്ങുകയാണ്.
ആളുകള്‍ വളരെ മോശമായാണ് തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത്. തന്റെ ഭർത്താവിന്റെ കുടുംബത്തില്‍ നിന്ന് പോലും പഴികേള്‍ക്കേണ്ടി വന്നു .ഈ കൊലപാതകം സഞ്ജയ് റോയ് ഒറ്റയ്ക്ക് ചെയ്തുവെന്നത് വിശ്വസിക്കാനാകുന്നില്ല എന്നും അയാള്‍ക്ക് കൂട്ടാളികള്‍ ഉണ്ടായിരുന്നിരിക്കാമെന്നും സഹോദരി പറഞ്ഞു.
സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായതിന് ശേഷം ഒരിക്കല്‍ പോലും മാതാവോ സഹോദരിയോ അയാളെ കാണാൻ ജയിലില്‍ എത്തിയില്ല.
നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെ വാദിച്ചത്.. അതിക്രൂരമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്ന് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജി പറഞ്ഞു.
രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറി.
2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് പുലർച്ചെ നാലുമണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്.
പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. സെമിനാർ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പി ഓഗസ്റ്റ് പത്താം തീയതി സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.