ബത്തേരി: ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരണത്തില്‍ അന്വേഷണം തുടരുന്നു. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വിജയന്‍റെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു.
കടബാധ്യതയെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കുടുംബം ഇന്നുമുതല്‍ വായ്പകളുടെ വിവരങ്ങള്‍ ശേഖരിക്കും. അതേസമയം ഐസി ബാലകൃഷ്ണൻ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തുന്ന പ്രതിഷേധം വരും ദിവസങ്ങളിലും തുടരും.സാമ്പത്തിക ഇടപാട് ആരോപണം ഉയർന്ന ഐസി ബാലകൃഷ്ണൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് എല്‍ഡിഎഫിൻ്റെ പ്രഖ്യാപനം. ഇന്നലെ രാത്രി ബത്തേരി ടൗണില്‍ എല്‍ഡിഎഫ് നൈറ്റ് മാർച്ച് നടത്തിയാണ് പ്രതിഷേധിച്ചത്.
പൊലീസും വിജിലൻസും അന്വേഷിക്കുന്നത് വിജയൻ്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലല്ല എന്നതിനാല്‍ അന്വേഷണത്തിന് നിലവില്‍ തടസമില്ല. എങ്കിലും കുടുംബത്തെ ഒപ്പംനിർത്തിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തത്കാലം ആശ്വാസത്തിലാണ്. അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസാണ് ഇപ്പോള്‍ പൊലീസിന് മുന്നിലുള്ളത്.
സ്വമേധയാ വിജിലൻസ് നടത്തുന്ന പ്രാഥമിക പരിശോധനയാണ് മറ്റൊന്ന്. രണ്ടിലും കുടുംബം പരാതിക്കാരല്ല. അതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വവും കുടുംബവും തമ്മിലെ ഒത്തുതീർപ്പ് പ്രകാരം കേസ് പിൻവലിക്കാനും സാധിക്കില്ല. എന്നാല്‍ നിലപാട് കുടുംബം മയപ്പെടുത്താനാണ് സാധ്യത.
പാർട്ടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ആത്മഹത്യയ്ക്ക് പ്രേരണയായെന്ന് കുടുംബം നല്‍കിയ മൊഴി മുഖവിലയ്ക്കെടുത്താണ് പൊലീസ് കേസ് മുന്നോട്ടു കൊണ്ടുപോകുന്നത്.. എന്നാല്‍ വിജിലൻസിന് മുന്നില്‍ മൂന്ന് പരാതിക്കാരുടെ മൊഴികളാണുള്ളത്. ഐസി ബാലകൃഷ്ണനെയും എൻഡി അപ്പച്ചനെയും കുറ്റപ്പെടുത്തി മൂന്ന് പരാതിക്കാരും മൊഴി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ ഈ കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കുക എളുപ്പമല്ല.
കുടുംബം പിൻവാങ്ങിയ സാഹചര്യത്തില്‍ ഈ കേസുകള്‍ പാർട്ടി സഹായത്തോടെ ഒത്തുതീർക്കാനുള്ള നീക്കം നടന്നേക്കും. നാല് പരാതിക്കാരാണ് ഇതിനകം രംഗത്ത് വന്നിട്ടുള്ളത്. അതില്‍ രണ്ടുപേർ മാത്രമാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. മറ്റു രണ്ടു പേർ പ്രത്യക്ഷ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി എന്ന പരാതി നിലനില്‍ക്കുന്നത് നേതൃത്വത്തിന് തലവേദനയാണ്.
കുടുംബത്തിൻറെ പരാതി പരിഹരിച്ചാലും ഈ വിഷയം നിലനില്‍ക്കും. ചുരുക്കത്തില്‍ വയനാട്ടിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണം കോണ്‍ഗ്രസിനെതിരെ ശക്തമായി തന്നെ സിപിഎം ഉന്നയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.