പ്രയാഗ്‌രാജ്: മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്നാനം നടക്കും. 45 ദിവസം നീളുന്ന കുംഭ മേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. 3 കോടി പേർ ഇന്ന് സ്നാനത്തിനായി പ്രയാഗ് രാജില്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നര കോടി ജനങ്ങളാണ് ത്രിവേണീ സംഗമത്തിലെ സ്നാനത്തില്‍ പങ്കെടുത്തത് എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തിങ്കളാഴ്‌ച പുലർച്ചെയാണ് തുടക്കമായത്. സവിശേഷമായ 'ഷാഹി സ്‌നാൻ' ചടങ്ങിനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെ മുതല്‍ ലക്ഷക്കണക്കിന് തീർത്ഥാടകർ ത്രിവേണീ സംഗമത്തിലെ പവിത്ര സ്നാനത്തില്‍ പങ്കെടുത്തു. ചടങ്ങുകളോടനുബന്ധിച്ച് കർശന സുരക്ഷയാണ് മേഖലയില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രയാഗ് രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
എൻ ഡി ആർ എഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എ ഐ ക്യാമറകളും വെളളത്തിനടിയില്‍ പരിശോധന നടത്താൻ ഡ്രോണുകളുമുള്‍പ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അതിനിടെ മഹാകുംഭമേളയുടെ വിശേഷങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. കാലാതീതമായ സാംസ്കാരിക പൈതൃകത്തിൻറെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
കുംഭമേളയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വലിയ സന്തോഷം നല്കുന്നുവെന്നും, പവിത്രമായ സംഗമം എണ്ണമറ്റ ജനങ്ങളെ ഒരുമിപ്പിക്കുകയും, കലാതീതമായ ഇന്ത്യയുടെ ആത്മീയ പൈതൃകവും ഐക്യവും ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
യോഗിയാകട്ടെ മഹാ കുംഭമേളയുടെ വീഡിയോ അടക്കം പങ്കുവച്ചുകൊണ്ടാണ് സന്തോഷം പങ്കിട്ടത്. ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സാസ്കാരിക ഒത്തുചേരലിനാണ് തുടക്കമായിരിക്കുന്നതെന്നും യോഗി വിവരിച്ചു.
അടുത്ത ഒന്നര മാസത്തിനുള്ളില്‍ ഏകദേശം 35 കോടി ആളുകളുടെ പങ്കാളിത്തമാണ്ണ് മഹാ കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. 12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്. ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്.
45 ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്‌ക്കായി സംസ്ഥാന ബജറ്റ് 7,000 കോടി രൂപയാണ് ചിലവഴിക്കുന്നത്. കഴിഞ്ഞ കുംഭമേളയില്‍ 24 കോടി തീർഥാടകരാണുണ്ടായത്. ഇത്തവണത്തേത് മഹാ കുംഭമേളയതിനാല്‍ തന്നെ തിരക്ക് വർധിക്കും. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.