കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്‍റെ (മാമി) ഡ്രൈവർ രജിത്ത് കുമാറിനെയും ഭാര്യയേയും കണ്ടെത്തി.
എലത്തൂർ സ്വദേശി രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഇവരെ കോഴിക്കോട് കോടതിയിൽ ഹാജരാക്കും.മാമി തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മാമിയുടെ ഡ്രൈവറായിരുന്ന രജിത്ത് കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഫോൺ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞദിവസമാണ് രജിത്തിനെയും ഭാര്യയെയും കാണാനില്ലെന്ന് പറഞ്ഞ് ഭാര്യസഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകിയത്.
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ഇവർ മുറിയെടുത്ത് താമസിച്ചിരുന്നെന്നും, പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരുന്നത്.
കോഴിക്കോട് നിന്നും ദമ്പതികൾ ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഓട്ടോയിൽ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണെന്നും, അവിടെ നിന്നും അവർ തെക്കോട്ടുള്ള ട്രെയിനിൽ കയറിയതായും പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ഇവരുടെ ചിത്രം സഹിതമുള്ള പോസ്റ്റർ പൊലീസ് പുറത്തിറക്കി. ഇതാണ് വഴിത്തിരിവായത്. ദമ്പതികൾ ഗുരുവായൂരിലെ ഒരു ലോഡ്ജിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അടുത്തിടെ രജിത്ത് കുമാർ മാമി ആക്ഷൻ കൗൺസിലിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു വോയ്സ് സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ നടക്കാവ് പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി. തങ്ങളെ കുടുക്കുവാൻ ശ്രമം നടക്കുകയാണെന്നായിരുന്നു ആരോപണം. 20 വര്‍ഷത്തിലേറെയായി രജിത് കുമാര്‍ മാമിയുടെ ഡ്രൈവറായിരുന്നു. 2023 ഓഗസ്റ്റ് 21 നാണ് മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കാണാതാകുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.