ഗ്വാളിയർ: മധ്യപ്രദേശില്‍ വിവാഹത്തിന് നാല് ദിവസം മുമ്പ് പൊലീസ് ഉദ്യോഗസ്ഥരടക്കം നോക്കി നില്‍ക്കേ നവവധുവിനെ പിതാവ് വെടിവെച്ച് കൊന്നു.
ഗ്വാളിയർ ഗോലകാ മന്ദിർ ഏരിയയില്‍ ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. തനു ഗുർജാർ എന്ന 20 വയസുകാരിയെ ആണ് പിതാവ് മഹേഷ് ഗുർജാർ നാടൻ തോക്കുകൊണ്ട് പോയിന്‍റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്നത്. നിശ്ചയിച്ച വിവാഹം വേണ്ടെന്നും മറ്റൊരാളെ ഇഷ്ടമാണെന്നും തനു പറഞ്ഞതോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.തനുവും മഹേഷ് എന്ന യുവാവുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന വിവരം തനു പറയുന്നത്. സംഭവ ദിവസം വൈകിട്ട് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിക്കുകയാണെന്ന് ആരോപിച്ച് തനു സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍ തനിക്ക് പിതാവ് നിശ്ചയിച്ച വിവാഹത്തില്‍ താല്‍പ്പര്യമില്ലെന്നും മറ്റൊരാളുമായി പ്രണയത്തിലാണെന്നും യുവതി വെളിപ്പെടുത്തി.ഈ വീഡിയോ പുറത്ത് വന്നാല്‍ താൻ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും തനു പറയുന്നത് വീഡിയോയില്‍ കാണാം. വിക്കി എന്ന യുവാവുമായി താൻ ആറ് വർഷമായി പ്രണയിത്തിലാണെന്നാണ് യുവതി പറയുന്നത്. വിക്കിയെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹം. നവവരൻ മഹേഷിനെയും കുടുംബത്തെയും പിതാവിനെയും വിഷമിപ്പിക്കുന്നതില്‍ തനിക്ക് ദുഖമുണ്ടെന്നും യുവതി പറയുന്നു.
വീഡിയോ പുറത്ത് വന്ന് നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപാതകം നടന്നത്. വീഡിയോ വൈറലായതോടെ ജില്ലാ പൊലീസ് മേധാവി ധർമ്മവീർ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഹേഷിന്‍റെ വീട്ടിലെത്തി. തനുവുമായി സംസാരിച്ചെങ്കിലും യുവതി വീട്ടില്‍ നില്‍ക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു.
തുടർന്ന് യുവതിയെ സർക്കാർ അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. ഇതിനിടെയിലാണ് മകളോട് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തെത്തിയ മഹേഷ് ഗുർജാർ നാടൻ തോക്കുപയോഗിച്ച് മകളെ വെടിവെക്കുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ചു തന്നെ തനു മരിച്ചു. സംഭവത്തിന് പിന്നാലെ മഹേഷ് ഗുർജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തോക്കുമായി രാഹുല്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.