മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയിലെ ഗാന ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്.
നിന്നിഷ്ടം എന്നിഷ്ടം' എന്ന സിനിമയിലെ ഗാന ചിത്രീകരണത്തിനിടെയുണ്ടായ ചില സംഭവങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്.ഇളം മഞ്ഞിൻ കുളിരുമായി' എന്ന പാട്ടിന്റെ ചിത്രീകരണ വേളയിലാണ് സംഭവം. വെറും പതിനാറ് ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിത്. ഏഴര ലക്ഷം രൂപയാണ് മുതല്‍ മുടക്കെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.
ഈ ചിത്രത്തില്‍ മറക്കാനാകാത്ത മറ്റൊരനുഭവം കൂടി എനിക്കുണ്ട്. ഒരമ്മ തന്റെ മകളെയും കൂട്ടി അഭിനയിക്കാൻ അവസരം ചോദിച്ച് എന്റെയടുത്തുവന്നു. എന്റെ ഹോട്ടല്‍ മുറിയുടെ മുന്നില്‍ അമ്മയും പത്ത് പതിനാറ് വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയും എത്തി. ഗ്രാമത്തില്‍ നിന്ന് വന്നെന്ന് തോന്നിക്കുന്ന അമ്മയും മകളും.
മകളെ എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിപ്പിക്കുകയെന്നതായിരുന്നു ആ അമ്മയുടെ ആവശ്യം. കുട്ടി എന്തു ചെയ്യുകയാണെന്ന് ഞാൻ ചോദിച്ചപ്പോള്‍, അവള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സാർ എന്തെങ്കിലുമൊരു വേഷം കൊടുക്കണമെന്നും അവർ അഭ്യർത്ഥിച്ചു. അവള്‍ക്ക് അഭിനയത്തില്‍ തന്നെ തുടരണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.
ഇതുകേട്ട ഞാൻ ആ തള്ളയോട് കയർത്തു. ഈ കുട്ടിയെ നിങ്ങള്‍ നശിപ്പിക്കാൻ കൊണ്ടുനടക്കുകയാണോ, അതിന്റെ പഠിത്തവും കളഞ്ഞ് ഭാവിയും തുലച്ചാലേ നിങ്ങള്‍ക്ക് സമാധാനമാവുകയുള്ളോ എന്നും ഞാൻ ചോദിച്ചു. അതുകേട്ടപാടെ ആ അമ്മ പൊട്ടിക്കരഞ്ഞു.
സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് മകള്‍ ഭയങ്കര ബഹളമാണ്. മുറിയടച്ച് ഭക്ഷണം കഴിക്കാതിരിക്കുകയാണ്. എന്തെങ്കിലും കടുംകൈ ചെയ്യുമോയെന്ന് ഭയന്ന് അവളുടെ അച്ഛൻ സമ്മതിച്ചതാണെന്ന് ആ അമ്മ പറഞ്ഞു.
സിനിമയിലഭിനയിക്കണമെങ്കില്‍ സംവിധായകന്റെയും ക്യാമറാമാന്റെയുമൊക്കെ കൂടെ സഹകരിക്കണമെന്ന് ചിലരൊക്കെ പറയുന്നുണ്ടെന്നും പറഞ്ഞ് ആ അമ്മ കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ഇതുകേട്ട എനിക്കും വിഷമമായി. എന്റെ കണ്ണുകളും ഈറനണിഞ്ഞു.
മോളേ നീ അച്ഛനും അമ്മയും പറയുന്നത് കേട്ട് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നും അതുകഴിഞ്ഞ് മോള്‍ക്ക് സിനിമയില്‍ അഭിനയിക്കാമെന്നും അതിന് ഞാൻ ഉറപ്പുനല്‍കാമെന്നും സ്‌നേഹത്തോടെ പറഞ്ഞു. അങ്ങനെ നല്ല വാക്കുകള്‍ പറഞ്ഞ് അവളെ സമാധാനിപ്പിച്ചപ്പോള്‍ അവള്‍ സമ്മതത്തോടെ തലയാട്ടി. എന്നോട് ഒരുപാട് നന്ദി പറഞ്ഞ് ആ അമ്മ അവിടെ നിന്ന് പോയി.
മൂന്നാല് ദിവസം കഴിഞ്ഞ് മോഹൻലാല്‍ ഷൂട്ടിഗിന് വന്നു. ഒരമ്മയും മോളും ചാൻസ് ചോദിച്ച് അണ്ണന്റെയടുത്ത് വരികയും, അണ്ണൻ അവരെ ഉപദേശിച്ച് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നോയെന്ന് ലാല്‍ എന്നോട് ചോദിച്ചു. ഈ വിവരം എങ്ങനെ ലാല്‍ അറിഞ്ഞെന്ന് ചോദിച്ചു. ഞാൻ ഇവിടെ വന്നപ്പോള്‍ അറിഞ്ഞതാണെന്ന് ലാല്‍ പറഞ്ഞു. ഇവിടെ നിന്ന് ആരോ അവരെ മറ്റൊരു ഷൂട്ടിംഗ് സ്ഥലത്തുകൊണ്ടുപോയി.
അങ്ങേർ അതൊക്കെ പറയും നിങ്ങള്‍ കാര്യമാക്കേണ്ട, മോളെ അഭിനയിപ്പിക്കുക തന്നെ ചെയ്യണമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞാണ് അവർ തിരിച്ചുപോയതെന്നാണ് പറയപ്പെടുന്നതെന്ന് മോഹൻലാല്‍ എന്നോട് പറഞ്ഞു. ഒരു സിനിമയിലും ആ കുട്ടിയെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല.'- അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.