തിരുവനന്തപുരം: കരുവന്നൂരിനെ പറ്റി പറഞ്ഞില്ല എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ 'പരിഭവത്തിന്' കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ എണ്ണിപ്പറഞ്ഞ് മറുപടി കൊടുത്ത് മുഖ്യമന്ത്രി.
സഹകരണ മേഖലയെ കുറിച്ച് തിരുവഞ്ചൂരിന് എന്തിനാണ് വേവലാതിയെന്ന് ചോദിച്ച മുഖ്യമന്ത്രി അങ്ങനെയെങ്കില്‍ വയനാടിനെ പറ്റിയും പറയണ്ടേ എന്ന് തിരിച്ചടിച്ചു. എൻഎം വിജയനെ മറക്കാൻ കഴിയുമോ? കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളിലെ രക്തസാക്ഷികളെ ഓർക്കണ്ടേ?തട്ടിപ്പുകാരെ ജയില്‍ മോചിതരാകുമ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചു. എൻഎം വിജയന്‍റെ മരണത്തിലെ പ്രതികളെയും ഇതുപോലെ സ്വീകരിക്കില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പടർന്നു പന്തലിച്ചു കിടക്കുന്ന മേഖലയാണ് സഹകരണ മേഖല. ഇതില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് സഹകരണ മേഖല ആകെ കുഴപ്പമാണ് എന്ന പ്രതീതി സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന പ്രവർത്തനങ്ങളിലേക്ക് ആരും കടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ജല്‍ജീവൻ മിഷൻ കേന്ദ്രവിഹിതം ഘട്ടം ഘട്ടമായാണ് ലഭിക്കുന്നത്. സംസ്ഥാനം കടക്കെണിയില്‍ ആണെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നു. ഇവർ പറയുന്നത് കേട്ടാല്‍ 2016 എല്‍ഡിഎഫ് സർക്കാർ വന്നതിനുശേഷം ആണ് ആദ്യമായി കടമെടുക്കുന്നത് എന്നാണ് തോന്നുക. സംസ്ഥാനത്ത് കടഭാരം കുറച്ചു കൊണ്ടുവരികയാണ് സർക്കാർ.
ധന ഉത്തരവാദിത്വ നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്നാണ് കടമെടുക്കുന്നത്. തോന്നിയതുപോലെ കടമെടുക്കാൻ സംസ്ഥാനത്തിന് കഴിയില്ല. അത്തരത്തിലുള്ള പ്രചാരണം സംസ്ഥാനത്തെ താറടിക്കാൻ നടത്തുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംഘപരിവാറുമായി ഒരുമിച്ച് ഭക്ഷണം കഴിക്കാൻ താൻ ഒരിക്കലും പോയിട്ടില്ല. താൻ എങ്ങനെയാണ് പെരുമാറിയതെന്ന് ചരിത്രം നോക്കിയാല്‍ അറിയാം. സംഘപരിവാറുകാരുടെ മുന്നില്‍ വണങ്ങി നില്‍ക്കുന്ന പതിവ് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതൊക്കെ പറഞ്ഞു പറയിപ്പിക്കാനാണോ തിരുവഞ്ചൂരിന്റെ പരാമർശം എന്ന് തനിക്കറിയില്ല.' കേരളത്തില്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം എവിടെയാണ് മുടങ്ങിയത്. മുടങ്ങിയ കാലം ഏതെന്ന് നമുക്കറിയില്ല. വയനാട്ടിലെ എല്‍ഡിഎഫ് വോട്ട് കുറഞ്ഞതിന് വലിയ വേവലാതിയാണ് നിങ്ങള്‍ക്ക്. അതിലും നല്ലത് തൃശ്ശൂരിലെ യുഡിഎഫ് വോട്ട് ബിജെപിക്ക് പോയത് എണ്ണുന്നതല്ലേ എന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.