ബംഗളൂരു: കോളജ് വിദ്യാർഥിനിയെ പട്ടാപ്പകല്‍ യുവാവ് കഴുത്തറുത്ത് കൊന്നു. റയ്ച്ചൂർ ജില്ലയില്‍ സിന്ധനൂർ ടൗണ്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയാണ് സംഭവം.
എം.എസ്.സിക്ക് പഠിക്കുന്ന ലിംഗസ ഗുരുവിലെ ഷിഫയാണ് (24) കൊല്ലപ്പെട്ടത്. അക്രമി സിന്ധനൂർ ടൗണില്‍ ടൈല്‍സ് കടയിലെ തൊഴിലാളിയായ മുബിൻ (32) കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.സംഭവം പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: യുവതി വിവാഹത്തിന് സമ്മതിക്കാത്തതാണ് ക്രൂരതക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ലിംഗസഗുരുവില്‍ നിന്ന് ഷിഫ ദിവസേന സിന്ധനൂരുവിലേക്ക് യാത്ര ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ആറ് വർഷമായി ഇവർ തമ്മില്‍ പരിചയമുണ്ട്.
ഷിഫയോട് മുബിൻ വിവാഹാഭ്യർഥന നടത്തുകയും ചെയ്തിരുന്നു. ഷിഫയുടെ വീട്ടുകാർ മറ്റൊരാളുമായുള്ള വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതറിഞ്ഞ് മുബിൻ വിവാഹം കഴിക്കാൻ നിരന്തരം സമ്മർദം ചെലുത്തിയിരുന്നെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല.ഇതില്‍ പ്രകോപിതനായ പ്രതി ലിംഗസഗുരുവില്‍ നിന്ന് യുവതിയെ പിന്തുടരുകയും സിന്ധനൂർ ഗവ. ഗ്രാജുവേഷൻ കോളജിന് സമീപം വെച്ച് ആക്രമിക്കുകയും ചെയ്തു. യുവതിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. കൃത്യം ശേഷം മുബിൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു'.
റയ്ച്ചൂർ ജില്ല പോലീസ് സൂപ്രണ്ട് പുട്ടമദയ്യ സംഭവസ്ഥലത്തെത്തി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കോളജുകള്‍ക്ക് സമീപം ജാഗ്രത വർധിപ്പിക്കാൻ പൊലീസിന് എസ്.പി നിർദേശം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.