ഡൽഹി;വോട്ടിംഗ് മെഷീൻ കൃത്രിമം ആരോപണത്തിൽ കോൺഗ്രസിനെതിരെയുള്ള ഒമർ അബ്ദുള്ളയുടെ തുറന്ന പ്രതികരണത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസും.
അവകാശവാദങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അവർ അത് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഡെമോ കാണിച്ചു കൊടുക്കണമെന്നാണ് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ പ്രതികരണം. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബറിൽ നിന്നുള്ള എംപിയാണ് അഭിഷേക് ബാനർജി. കോൺഗ്രസിനെയോ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയോ പ്രത്യേകമായി പരാമർശിക്കാതെയാണ് അദ്ദേഹം പ്രതികരിച്ചത്.ക്രമരഹിതമായ പ്രസ്താവനകൾ നടത്തുന്നത് കൊണ്ട് ഒന്നും നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിഷേക്. ഇവിഎം റാൻഡമൈസേഷൻ പ്രക്രിയ കൃത്യമായി നടക്കുകയും മോക്ക് പോളിങ്ങിലും വോട്ടെണ്ണലിലും ബൂത്ത് ജീവനക്കാർ സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു കഴിഞ്ഞാൽ പിന്നെ ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് ഇപ്പോഴും ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അവർ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് എങ്ങനെ ഇവിഎമ്മുകൾ ഹാക്ക് ചെയ്യാമെന്ന് കാണിക്കണമെന്നും അഭിഷേക് കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകൾക്കെതിരെ പരാതി ഉന്നയിക്കുന്ന കോൺഗ്രസിനെതിരെ സഖ്യകക്ഷി നേതാവ് ഒമർ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം ജയിക്കുമ്പോൾ ആഘോഷിക്കുകയും തോൽക്കുമ്പോൾ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു. വോട്ടിംഗ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.