മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച് തിങ്കളാഴ്ച ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് ഏക്നാഥ് ഷിൻഡെ.
സർക്കാർ രൂപീകരണത്തിൽ മഹായുതി പങ്കാളികൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്നും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. സഖ്യകക്ഷികളായ ശിവസേന, ബിജെപി, എൻസിപി എന്നിവയുടെ സമവായത്തിലൂടെ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളും. ഈ സർക്കാർ ജനകീയ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ രൂപീകരിക്കുന്നതിന് അന്തിമരൂപം നൽകുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മഹായുതി നേതാക്കൾ നേരത്തെ ഡൽഹിയിൽ ചർച്ച നടത്തി. ചർച്ചകൾക്കു ശേഷം മുംബൈയിൽ തിരിച്ചെത്തിയ ഷിൻഡെ നേതാക്കൾ പ്രതികരിക്കാതിരുന്നത് നിരവധി ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ഏക്നാഥ് ഷിൻഡെ സത്താരയിലെ വീട്ടിലേക്ക് പോയത് അനാരോഗ്യം മൂലമാണെന്ന് ഷിൻഡെ വിഭാഗം നേതാവ് ഉദയ് സമന്ത് വെളിപ്പെടുത്തിയിരുന്നു.
ഷിൻഡെയുടെ നീക്കം മറ്റ് മഹായുതി സഖ്യനേതാക്കളെ ഞെട്ടിച്ചിരുന്നു. രണ്ട് ഉപമുഖ്യമന്ത്രി എന്ന ഫോർമുല ഇത്തവണയും തുടരാനായിരുന്നു. ആഭ്യന്തര വകുപ്പും ബിജെപിക്കും അജിത് പവാറിൻ്റെ എൻസിപിക്ക് ധനകാര്യം നിലനിർത്താനും ധാരണയിൽ എത്തിയിരുന്നു. ഉപമുഖ്യമന്ത്രിയാവാനില്ലെന്ന നിലപാടാണ് നേരത്തെ ഷിൻഡെ സ്വീകരിച്ചിരുന്നത്.
അതേ സമയം മഹായുതി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവും എന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.