മുളന്തുരുത്തി: മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസിന് നേരേ ആക്രമണം. മുളന്തുരുത്തി സിഐ മനേഷ് പൗലോസിന്റെ മുഖത്തടിക്കുകയും മറ്റൊരു പോലീസുദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മുളന്തുരുത്തി സ്വദേശി ഏബേല്‍ സജിക്കെതിരേ പോലീസ് കേസെടുത്തു.
പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് പോലീസ്.ഇരുവിഭാഗത്തിന്റെയും പെരുന്നാള്‍ പ്രദക്ഷിണദിനമായിരുന്നു വെള്ളിയാഴ്ച. ഓര്‍ത്തഡോക്സ് പക്ഷം ആരാധന നടത്തുന്ന മാര്‍ത്തോമ്മന്‍ പള്ളിയുടെ മുന്നിലൂടെ യാക്കോബായ പക്ഷം തങ്ങളുടെ ചാപ്പലിലേക്ക് പ്രദക്ഷിണമായി പോയപ്പോഴാണ് പ്രശ്നങ്ങളാരംഭിച്ചത്.പ്രദക്ഷിണം കടന്നുപോകുന്ന സമയത്ത് മാര്‍ത്തോമന്‍ പള്ളിയില്‍ ഓര്‍ത്തഡോക്സ് പക്ഷം ഉച്ചത്തില്‍ വാദ്യോപകരണങ്ങളുപയോഗിച്ചു. പ്രദക്ഷിണം നടക്കുമ്പോള്‍ മറുവിഭാഗം വാദ്യോപകരണങ്ങളുപയോഗിക്കുകയോ ഒച്ചയിടുകയോ ചെയ്യാന്‍ പാടില്ലെന്നായിരുന്നു ധാരണ. ഓര്‍ത്തഡോക്സ് പക്ഷം ഇത് ലംഘിച്ചതായി മുളന്തുരുത്തി എസ്.എച്ച്.ഒ. മനേഷ് പൗലോസിനോട് യാക്കോബായപക്ഷം പരാതിപ്പെട്ടു.
പ്രദക്ഷിണം കടന്നുപോകുമ്പോള്‍ 25 മിനിറ്റ് വാദ്യഘോഷങ്ങളടക്കം നിര്‍ത്തിവയ്ക്കണമെന്ന കരാര്‍ ലംഘിക്കരുതെന്ന് പള്ളിയിലെത്തി ഓര്‍ത്തഡോക്സ് പക്ഷത്തുള്ളവരോട് എസ്.എച്ച്.ഒ. അറിയിച്ചു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മുളന്തുരുത്തി സ്വദേശിയായ ഏബേല്‍ സജി സിഐ മനേഷ് പൗലോസിന്റെ മുഖത്തടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെയും ആക്രമിച്ചു..
വര്‍ഷങ്ങളായി യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നടക്കുന്ന പള്ളികളാണ് ഇത്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് ചില ധാരണകളോടെയാണ് പ്രദക്ഷിണമടക്കമുള്ള ചടങ്ങുകള്‍ നടത്തിക്കൊണ്ടിരുന്നത്. ഇതിനിടെയാണ് ഓര്‍ത്തഡോക്സ് പക്ഷം പ്രദക്ഷിണം നടക്കുമ്പോള്‍ വാദ്യോപകരണങ്ങളുപയോഗിക്കുകയോ ഒച്ചയിടുകയോ ചെയ്യാന്‍ പാടില്ലെന്നായിരുന്നു ധാരണ ലംഘിച്ചതായി യാക്കോബായപക്ഷം പരാതിപ്പെടുന്നത്. തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
പുത്തന്‍കുരിശില്‍ നിന്നും കൂടുതല്‍ പോലീസും റൂറല്‍ എസ്.പി.യും രാത്രിതന്നെ സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.