ന്യൂഡൽഹി: ബെംഗളൂരുവിലെ ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതുലിന്റെ ഭാര്യ നികിത സിംഘാനിയ, സഹോദരൻ അനുരാഗ് സിംഘാനിയ, ഇവരുടെ അമ്മ നിഷ സിംഘാനിയ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അതേസമയം കേസിലുൾപ്പെട്ട നികിതയുടെ അമ്മാവൻ സുശീൽ സിംഘാനിയയാണ് ഇനി പിടിയിലാവാനുള്ളത്.അതുലിന്റെ മരണത്തിൽ പോലീസുകാർ തന്നെ തേടിയെത്തുമെന്ന് മനസിലാക്കിയ നികിത സ്വന്തം ലൊക്കേഷൻ ഓരോ തവണയും മാറ്റിക്കൊണ്ടിരുന്നു.അത്യാവശ്യഘട്ടങ്ങളിൽ വിളിക്കാൻ വാട്ട്സാപ്പ് ഉപയോഗിച്ചു. ഇതിനിടയിലൂടെ മുൻകൂർ ജാമ്യത്തിനും നികിത ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇടയ്ക്ക് ചെയ്ത ഒരു ഫോൺ കോൾ ട്രാക്ക് ചെയ്ത ബെംഗളൂരു പോലീസ് നികിതയെ വിദഗ്ധമായി കുരുക്കി.
ഗുരുഗ്രാമിൽവെച്ചാണ് നികിത അറസ്റ്റിലാവുന്നത്. നിഷയും അനുരാഗും പ്രയാഗ് രാജിൽവെച്ചും. ബംഗളൂരു പോലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള വീട് പ്രതികൾ പൂട്ടിയിട്ടുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജൗൻപൂരിലെത്തിയ ബെംഗളൂരു പോലീസ് സംഘം പ്രതികളുടെ വീട്ടിൽ മൂന്ന് ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചു. തുടർന്ന് സിംഘാനിയാ കുടുംബത്തിൻ്റെ അടുത്ത ബന്ധുക്കളുടെ പട്ടികയും സംഘം തയ്യാറാക്കി നിരീക്ഷിച്ചു.
എന്നാൽ പ്രതികൾ വാട്ട്‌സ്ആപ്പിൽ മാത്രം കോളുകൾ ചെയ്തതിനാൽ അവരെ ട്രാക്ക് ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടി. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി സിംഘാനിയ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.നികിത ഗുരുഗ്രാമിൽ ഒരു പേയിംഗ് ഗസ്റ്റ് സംവിധാനം തരപ്പെടുത്തിയപ്പോൾ അമ്മയും സഹോദരനും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ജുസി ടൗണിലാണ് ഒളിച്ചത്. ഇതിനിടെ ഇവരെല്ലാം വാട്സാപ്പ് കോളുകൾ വഴി ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുമുണ്ടായിരുന്നു.
പക്ഷേ, നികിത തൻ്റെ അടുത്ത ബന്ധുക്കളിൽ ഒരാളെ അബദ്ധത്തിൽ വിളിച്ചിരുന്നു. പോലീസ് ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയും ഗുരുഗ്രാമിലെ റെയിൽ വിഹാറിലെ പിജി താമസസ്ഥലത്ത് എത്തുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം ആവശ്യപ്പെട്ടതിനനുസരിച്ച് നികിത അമ്മയെ വിളിച്ചു. തുടർന്ന് പോലീസ് അവരെ ജുസി ടൗണിൽപ്പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.നികിതയടക്കമുള്ള മൂന്നുപേരേയും വിമാനമാർഗമാണ് പോലീസ് ബെംഗളൂരുവിലെത്തിച്ചത്. ഈ യാത്രയ്ക്കിടെയാണ് പോലീസ്ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. വിമാനത്തിലെ മറ്റുയാത്രികർ ഇവരെ തിരിച്ചറിയരുതെന്ന വെല്ലുവിളിയായിരുന്നു പോലീസിന് മുന്നിലുണ്ടായിരുന്നത്.
കൂടാതെ ഇവരെ പിടികൂടിയ വിവരം ബെംഗളൂരുവിലെത്തുംവരെ മാധ്യമങ്ങൾ അറിയുകയുമരുത്. അതുൽ സുഭാഷിന്റെ മരണത്തിൽ അത്രയേറെ പ്രതിഷേധം ഉയർന്നിരുന്നു എന്നതായിരുന്നു ഇതിന് കാരണം. യാതൊരുവിധ പ്രതിഷേധത്തിനും ഇടംകൊടുക്കാതെ വിമാനത്താവളത്തിന് പുറത്തെത്തുംവരെ ജാഗരൂകരായിരുന്നു ബെംഗളൂരു പോലീസ്. വിമാനമിറങ്ങിയശേഷം മൂന്നുപേരേയും വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കുകയും ജയിലിലേക്കയയ്ക്കുകയും ചെയ്തു.
അതുലിനെ താൻ പീഡിപ്പിച്ചിട്ടില്ലെന്നും അതുൽ തന്നെയാണ് പീഡിപ്പിച്ചതെന്നുമാണ് നികിത പോലീസിനോട് പറഞ്ഞതെന്നാണ് അന്വേഷണസംഘത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. പണം വേണമെങ്കിൽ അവരുടെ വീട്ടിൽ നിന്ന് ഇറങ്ങില്ലായിരുന്നുവെന്നും നികിത പറഞ്ഞു.
നികിതയും കുടുംബവും തനിക്കും കുടുംബത്തിനും എതിരെ ക്രൂരതയ്ക്കും സ്ത്രീധന പീഡനത്തിനും കള്ളക്കേസുകൾ ചുമത്തി പണം തട്ടിയെടുക്കുകയാണെന്ന് അതുൽ സുഭാഷ് തൻ്റെ 24 പേജുള്ള ആത്മഹത്യാ കുറിപ്പിലും 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലും ആരോപിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ മൂന്ന് കോടി രൂപ നികിത ആവശ്യപ്പെട്ടിരുന്നതായി ജീവനൊടുക്കുംമുൻപ് അതുൽ സുഭാഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.