ന്യൂഡല്‍ഹി: അംബേദ്കറെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് വളച്ചൊടിച്ചുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അംബേദ്കറെ ഒരിക്കലും അപമാനിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും അമിത് ഷാ പറഞ്ഞു. ചൊവ്വാഴ്ച രാജ്യസഭയില്‍ നടത്തിയ വിവാദ അംബേദ്കര്‍ പരാമര്‍ശത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അമിത് ഷാ വാര്‍ത്താസമ്മേളനം വിളിച്ച് വിശീദകരണം നല്‍കിയത്.
വിവാദത്തില്‍ അമിത് ഷായെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രംഗത്തെത്തിയിരുന്നു.ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും ഒരു ചര്‍ച്ച നടന്നു. കഴിഞ്ഞ 75 വര്‍ഷത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും വ്യത്യസ്തമായ ആശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാട് എല്ലായ്പ്പോഴും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ രീതി അപലപനീയമാണ്.'എനിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് പറയാനുള്ളത് - ഡോ. ബി.ആര്. അംബേദ്കര്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സമൂഹ വിഭാഗത്തില്‍ നിന്നാണ് നിങ്ങള്‍ വരുന്നത്. അതിനാല്‍, ഈ ദുഷിച്ച പ്രചാരണത്തെ നിങ്ങള്‍ പിന്തുണയ്ക്കരുത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദ്ദം കാരണം നിങ്ങള്‍ ഇത്തരമൊരു പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് നിരാശയുണ്ട്. കോണ്‍ഗ്രസ് അംബേദ്കര്‍ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും സംവരണ വിരുദ്ധവും സവര്‍ക്കര്‍ വിരുദ്ധവും ഒബിസി വിരുദ്ധവുമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു' ഷാ പറഞ്ഞു.
അതേസമയം അംബേദ്കറോട് ബഹുമാനമുണ്ടെങ്കില്‍ അമിത് ഷായെ പ്രധാനമന്ത്രി മോദി മന്ത്രിസഭയില്‍ നിന്ന് അര്‍ധരാത്രിയോടെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അമിത് ഷായുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പായിരുന്നു പ്രതികരണം.
'അമിത് ഷാ മാപ്പ് പറയണം, മോദിക്ക് ബാബാസാഹേബ് അംബേദ്കറില് വിശ്വാസമുണ്ടെങ്കില്‍ അദ്ദേഹത്തെ അര്‍ദ്ധരാത്രിയോടെ പുറത്താക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം. മന്ത്രിസഭയില്‍ തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല. അദ്ദേഹത്തെ പുറത്താക്കണം, അപ്പോള്‍ മാത്രമേ ആളുകള്‍ നിശബ്ദത പാലിക്കൂ. അംബേദ്കറിന് വേണ്ടി ജീവന് ബലിയര്‍പ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്' ഖാര്‍ഗെ പറഞ്ഞു.
തന്റെ രാജി ഖാര്‍ഗെ ആവശ്യപ്പെട്ടത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് കോണ്‍ഗ്രസ് അധ്യക്ഷനെ സന്തോഷിപ്പിക്കുമെങ്കില്‍ രാജിവെക്കാമെന്നും അതുകൊണ്ട് പ്രശ്നംതീരില്ലെന്നും അമിത് ഷാ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.