കോട്ടയം; സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും. ശിക്ഷ വെവ്വേറെ അനുഭവിക്കണം.
കോട്ടയം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. വിധിയിൽ സംതൃപ്തരാണെന്നും പരമാവധി ശിക്ഷ ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പറഞ്ഞു. കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരെയാണ് ജോർജ് കുര്യൻ കൊലപ്പെടുത്തിയത്.വെടിവച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ തോക്കുമായി മനഃപൂർവം വീട്ടിൽ അതിക്രമിച്ചു കയറൽ , കൊലപാതകം , വെടിവച്ച ശേഷം വീടിനു പുറത്തിറങ്ങി തോക്കുകാട്ടി വധഭീഷണി മുഴക്കി എന്നീ കുറ്റങ്ങൾ ജോർജ് കുര്യൻ ചെയ്തിട്ടുണ്ടെന്നാണു കോടതി കണ്ടെത്തിയത്.
50 വെടിയുണ്ടകൾ നിറച്ച വിദേശനിർമിത തോക്കുമായെത്തി 6 റൗണ്ട് വെടിവച്ചെന്നാണു തെളിഞ്ഞത്. തോക്കിനു ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചെന്നും കണ്ടെത്തിയിരുന്നു. പ്രധാന സാക്ഷികൾ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകൾ പ്രതിക്കെതിരായിരുന്നു. ഹൈദരാബാദ് സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടറും ബാലിസ്റ്റിക് എക്സ്പെർട്ടുമായ എസ്.എസ്.മൂർത്തി കോടതിയിൽ ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
പ്രതി ഉപയോഗിച്ച തോക്കുകൊണ്ട് ബാലിസ്റ്റിക് വിദഗ്ധൻ വെടിവച്ചു പരിശോധന നടത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ ദേഹത്തുനിന്നു കണ്ടെടുത്ത വെടിയുണ്ട ഈ തോക്കിൽ മാത്രമേ നിറയ്ക്കാൻ കഴിയൂ എന്നും കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു തലേദിവസം ജോർജ് കുര്യൻ സഹോദരിയുമായി നടത്തിയ വാട്സാപ് ചാറ്റ് അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. കൊലപാതകം നടത്തുമെന്നുള്ള സൂചന അതിലുണ്ടായിരുന്നു.
ചാറ്റ് ഡിലീറ്റ് ചെയ്തെങ്കിലും എറണാകുളം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്തിയാണു വീണ്ടെടുത്തത്. 2022 മാർച്ച് ഏഴിനാണു വെടിവയ്പുണ്ടായത്. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയുമാണ് മരിച്ചത്. 2023 ഏപ്രിൽ 24നു വിചാരണ ആരംഭിച്ചു. ജോർജ് കുര്യൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.