ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. പുഷ്‌പ-2 സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് പ്രതി ചേർക്കപ്പെട്ട അല്ലുവിന് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അല്ലുവിനെ 14 ദിവസത്തേക്ക് കീഴ്‌ക്കോടതി റിമാൻഡ് ചെയ്‌തിരുന്നു. തുടർന്ന് നടൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘം അല്ലുവിന്റെ വസതിയായ ജൂബിലി ഹിൽസിൽ എത്തി അറസ്റ്റ് ചെയ്തത്. നടനെതിരെ സെക്ഷൻ 118(1),സെക്ഷൻ 3(5) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നടനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തു. അറസ്റ്റ് നടക്കുന്ന സമയത്ത് അല്ലുവിന്റെ ഭാര്യയും, പിതാവ് അല്ലു അരവിന്ദും ഉണ്ടായിരുന്നു.
പുഷ്പയുടെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു അല്ലുവിനു ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകൻ വാദിച്ചത്. അതേസമയം, ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നും, അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നുമായിരുന്നു അല്ലു അർജുന്റെ അഭിഭാഷകരുടെ വാദം.
തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നെന്നും ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നെന്നും അല്ലു അർജുൻ കോടതിയെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.