സുൽത്താൻ ബത്തേരി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് വിജയിച്ചത് മുസ്ലീം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വർഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ ഈ പരാമർശങ്ങൾ.നമ്മുടെ രാജ്യത്തിന്റെ തകർച്ചയിലേക്ക് നോക്കണമെന്ന് എ.വിജയരാഘവൻ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമര മൂല്യങ്ങളുടെ അടിത്തറയിലുള്ള ഭരണ നേതൃത്വമുള്ള നാടല്ലെന്നും അദ്ദേഹം പറഞ്ഞു.
ചില പരിക്കുകളോടെയാണെങ്കിലും ബി.ജെ.പി മൂന്നാമതും ഭരണത്തിൽ വന്നിട്ടുള്ള നാടാണ് ഇന്ത്യ. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ്. ആണ്. ജനാധിപത്യ സ്വഭാവമില്ലാത്തതും അത്യന്തം നിഗൂഢമായി പ്രവർത്തിക്കുന്ന, സങ്കീർണമായ വിദ്വേഷത നിറഞ്ഞ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ആർ.എസ്.എസ്. വല്ലഭായി പട്ടേലിനെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടേയിരിക്കും. ആ കസേരയിൽ പക്ഷേ അമിത് ഷാ ഇരിക്കുകയാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.
"വയനാട്ടിൽ നിന്ന് രണ്ടുപേർ വിജയിച്ചു. രാഹുൽ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലീം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി ഇവിടെനിന്ന് ഡൽഹിക്കെത്തുമോ? അദ്ദേഹമല്ലേ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോൾ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങൾ, തീവ്രവാദ ഘടകങ്ങളും വർഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ?" വിജയരാഘവന്റെ വാക്കുകൾ.
കേരളസർക്കാരിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്താനാണ് കേന്ദ്രസർക്കാരും കേരളത്തിലെ പ്രതിപക്ഷവും ശ്രമിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായി ശരിയായ നിലപാട് സ്വീകരിക്കാൻ ഇവിടത്തെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. അവരുടെ മുഖ്യശത്രു ഇടതുപക്ഷമാണ്. കേരളം നശിച്ചാലും കുഴപ്പമില്ല അവർക്ക്. സൂക്ഷ്മതയോടെ രാഷ്ട്രീയം കോൺഗ്രസ് കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് സുരേഷ് ഗോപി ഡൽഹിയിലെത്തിയതും കേരളത്തിൽ ബി.ജെ.പി വിജയിച്ചതെന്നും വിജയരാഘവൻ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.