ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ.
ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തകർത്താണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ച് ഗോളുകളായിരുന്നു കേരളത്തിൻ്റെ ജയം. നസീബ് റഹ്മാൻ, മുഹമ്മദ് അജ്സൽ, മുഹമ്മദ് റോഷൽ നിർമ്മാതാവ് കേരളത്തിന് വേണ്ടി വലകുലുക്കിയത്. ഹാട്രിക് നേടിയ റോഷലാണ് കളിയിലെ താരം.
ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎൻസി ബാലയോഗി അത്‌ലാറ്റിക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ കേരളം ലീഡ് നേടിയിരുന്നു. മത്സരത്തിൻ്റെ 22-ാം മിനിറ്റിൽ നസീബ് റഹ്മാൻ കേരളത്തിന് ആദ്യ ലീഡ് നേടിക്കൊടുത്തു. എന്നാൽ, ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ മണിപ്പൂർ സമനില പിടിച്ചു. 29-ാം മിനിറ്റിൽ ലഭിച്ച പെനാൾട്ടി കിക്ക് മണിപ്പൂർ വലയിലാക്കിയതോടെ മത്സരം ആവേശത്തിലായി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് അജ്സൽ കേരളത്തെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു. മത്സരത്തിൻ്റെ 73-ാം മിനിറ്റിൽ മണിപ്പൂരിൻ്റെ പ്രതിരോധനിര താരത്തിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത മുഹമ്മദ് റോഷൽ കേരളത്തിൻ്റെ ലീഡ് ഉയർത്തി. തുടർന്ന് 88-ാം മിനിറ്റിലും അവസാന നിമിഷവും വീണ്ടും റോഷൽ ഗോളുകൾ കണ്ടെത്തി ഹാട്രിക് തികച്ചതോടെ മണിപ്പൂരിൻ്റെ ഫൈനൽ മോഹങ്ങൾ പൊലിഞ്ഞു.
16-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിൻ്റെ ഫൈനലിലെത്തുന്നത്. ഏഴ് തവണ കിരീടത്തിൽ മുത്തമിട്ട കേരളം എട്ട് തവണയാണ് റണ്ണറപ്പായത്. 2022ലാണ് കേരളം അവസാനമായി ചാമ്പ്യൻമാരായത്. അതേസമയം, ഉച്ചയ്ക്ക് നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ സർവീസസിനെ വീഴ്ത്തി ബംഗാൾ ഫൈനലിൽ പ്രവേശിച്ചു. റോബി ഹൻസ്ഡയുടെ ഇരട്ടഗോളിൻ്റെ കരുത്തിലായിരുന്നു ബംഗാളിൻ്റെ വിജയം.
സർവീസസിനെ 4-2ന് തകർത്താണ് ബംഗാൾ ഫൈനൽ ഉറപ്പിച്ചത്. റോബി ഹൻസ് ഡയാണ് കളിയിലെ താരം. ഇതിനോടകം തന്നെ 11 ഗോളുകൾ സ്വന്തമാക്കിയ റോബി സന്തോഷ് ട്രോഫിയിലെ ഗോൾ വേട്ടക്കാരിൽ മുന്നിലുണ്ട്. ഡിസംബർ 31ന് ഗച്ചിബൗളിയാണ് കേരളവും ബംഗാളും തമ്മിലുള്ള കലാശപ്പോരിന് വേദിയാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.