പത്തനംതിട്ട: കലഞ്ഞൂർ മുറിഞ്ഞകല്ലിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികളടക്കം നാലുപേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. നിഖിൽ, ഭാര്യ അനു, നിഖിലിന്റെ പിതാവായ മത്തായി ഈപ്പൻ, അനുവിന്റെ പിതാവ് ബിജു. പി. ജോർജ് എന്നിവരാണ് മരിച്ചത്. കലഞ്ഞൂർ മുറിഞ്ഞകല്ലിൽ പുലര്‍ച്ചെ 4:05 നായിരുന്നു അപകടം സംഭവിച്ചത്.
നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. 2011 മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. ബിജു പി ജോർജാണ് കാർ ഓടിച്ചിരുന്നത്. മുൻവശത്ത് ഇടതുഭാഗത്താണ് മാത്യു ഈപ്പൻ ഇരുന്നത്. പിൻവശത്ത് വലതും ഇടതുമായി യഥാക്രമം നിഖിലും അനുവും ഇരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഉള്ളിലേക്ക് ചുരുങ്ങുകയായിരുന്നു.
അനു ഒഴികെ മറ്റ് മൂന്നുപേരേയും പെട്ടന്ന് പുറത്തെത്തിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇവരുടെ വീടെത്താൻ അപകടസ്ഥലത്തുനിന്നും ഏതാണ്ട് 12 കിലോമീറ്റർ മാത്രമേയുണ്ടായിരുന്നുള്ളൂ. പിൻഭാഗത്തിരുന്നതിനാൽ അനുവും നിഖിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ബിജുവും മാത്യുവും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമാകാത്ത രീതിയിലാണ് കാർ തകർന്നത്. തലകീഴായിട്ടാണ് നിഖിൽ കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ തല മുൻവശത്തെ സീറ്റുകൾക്കിടയിൽ കുടുങ്ങിയ നിലയിലും. ഇതും ഇവരെ പെട്ടന്ന് പുറത്തെടുക്കുന്നതിന് തടസമായി. ഫയർ ഫോഴ്സെത്തി കാറിന്റെ പലഭാഗവും വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും പുറത്തെടുത്തത്.
രക്ഷാപ്രവർത്തനം ഏതാണ്ട് ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു. അപകടവിവരമറിഞ്ഞ് ആദ്യ ആംബുലൻസെത്തിയത് 4.18-നാണ്. അനുവിനെയാണ് ആദ്യം പുറത്തെടുത്തത്. അനുവിനെ ആംബുലൻസ് കോന്നിയിലെ ആശുപത്രിയിലെത്തിച്ചശേഷം മടങ്ങിവരികയാണുണ്ടായത്.ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. അപകടത്തിൽ തകർന്ന കാറിനുള്ളിൽ രക്തത്തിന്റെയും പൊട്ടിയ ഗ്ലാസ് കഷണങ്ങൾക്കുമിടയിൽ അനുവിന്റെയും നിഖിലിന്റെയും വിവാഹ ക്ഷണക്കത്തടക്കം കിടന്നിരുന്നു.
കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍. മിനി ബസിലുണ്ടായിരുന്ന ഏതാനും തീർഥാടകർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.