ന്യൂഡൽഹി: പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ശ്യാം ബെനഗൽ അന്തരിച്ചു.
90 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് അദ്ദേഹത്തിൻ്റെ അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരം ആറരയോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിൻ്റെ മകൾ പിയ ബെനഗലാണ് വാർത്ത സ്ഥിരീകരിച്ചത്.
1970-കളിലും 1980-കളിലും മുഖ്യധാരാ ഇന്ത്യൻ സിനിമയുടെ കീഴ്‌വഴക്കങ്ങളിൽ നിന്ന് വേറിട്ട് റിയലിസത്തിനും സാമൂഹിക വ്യാഖ്യാനത്തിനും പേരുകേട്ട ഒരു ആഖ്യാന രീതിയിലൂടെയാണ് ഈ മുതിർന്ന സംവിധായകൻ സമാന്തര സിനിമാ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചത്. അതുകൊണ്ട് തന്നെ ചലച്ചിത്ര പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു അത്.
ഡിസംബർ പതിനാലിന് തൻ്റെ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചിരുന്നു ശ്യാം ബെനഗൽ. പ്രമുഖ അഭിനേതാക്കളായ കുൽഭൂഷൻ ഖർബന്ദ, നസീറുദ്ദീൻ ഷാ, ദിവ്യ ദത്ത, ഷബാന ആസ്‌മി, രജിത് കപൂർ, അതുൽ തിവാരി, ചലച്ചിത്ര നിർമ്മാതാവും നടനുമായ ശശി കപൂറിൻ്റെ മകനായ കുനാൽ കപൂർ തുടങ്ങിയവരും ഈ ചടങ്ങിൽ പങ്കെടുത്തു.
1934 ഡിസംബർ 14ന് ഹൈദരാബാദിൽ ജനിച്ച ശ്യാം ബെനഗൽ, കൊങ്കണി സംസാരിക്കുന്ന ചിത്രപൂർ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് പിറന്നത്. കർണാടക സ്വദേശിയായ അദ്ദേഹത്തിൻ്റെ പിതാവ് ശ്രീധർ ബി ബെനഗൽ ഒരു ഫോട്ടോഗ്രാഫറായിരുന്നു. ചെറുപ്പം ചിത്രങ്ങളോടും അവയുടെ വൈവിധ്യത്തോടും താൽപര്യം കാട്ടിയിരുന്ന ശ്യാം ബെനഗലിൻ്റെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവരവ് ഒരു നിയോഗം പോലെയായിരുന്നു.
അങ്കുർ, മന്ഥൻ, മണ്ഡി, നേതാവ് സുഭാഷ് ചന്ദ്രബോസ്: ദി ഫോർഗോട്ടൻ ഹീറോ, സുബൈദ, വെൽ ഡൺ അബ്ബാ എന്നിവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. സാമൂഹികമായ യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടി കൊണ്ടുള്ള ശ്യാം ബെനഗലിൻ്റെ ചിത്രങ്ങൾ പുതിയ കാലത്തെ ചലച്ചിത്ര ആസ്വാദകർക്ക് ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു.
1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി ഭാരത സർക്കാർ ശ്യാം ബെനഗലിനെ ആദരിച്ചിരുന്നു. 2005ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ലഭിച്ചിരുന്നു. നിരവധി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ നേടിയിരുന്നു. അന്താരാഷ്ട്ര മേളകളിലും ശ്യാം ബെനഗൽ ചിത്രങ്ങൾ അവാർഡുകൾ വാരിക്കൂട്ടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.